സ്പാനിഷ് ലാ ലിഗയിൽ റയലിന് ജയം. വലൻസിയയെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിൽ ഒന്നാമതുള്ള ബാഴ്സയുമായുള്ള പോയന്‍റ് വ്യത്യാസം റയൽ അഞ്ചാക്കി കുറച്ചു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. സ്പാനിഷ് താരം മാർകോ അസെൻസിയോ (52ാം മിനിറ്റിൽ), ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ (54ാം മിനിറ്റിൽ) എന്നിവരാണ് വല കുലുക്കിയത്. നായകൻ കരീം ബെൻസേമ തുടക്ക് പരിക്കേറ്റ് മടങ്ങിയത് റയലിന് തിരിച്ചടിയായി.
രണ്ടു ഗോളിനും വഴിയൊരുക്കിയത് ബെൻസേമയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ബ്രസീൽ താരം എഡർ മിലിറ്റാവോയും പരിക്കിനെ തുടർന്ന് മടങ്ങി. ബെൻസേമയുടെ പരിക്ക് കാര്യമുള്ളതല്ലെന്ന് പരീശകൻ കാർലോ ആഞ്ചലോട്ടി പിന്നീട് പ്രതികരിച്ചു. എന്നാൽ, മിലിറ്റാവോക്ക് ഞായറാഴ്ച റയൽ മല്ലോക്കക്കെതിരായ മത്സരം നഷ്ടമാകും. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ റയലിന്‍റെ ആധിപത്യമായിരുന്നു.
കളിയിൽ 70 ശതമാനവും പന്ത് കൈശവം വെച്ച റയൽ, ഷോട്ട് ഓൺ ടാർഗറ്റിൽ ഏഴു തവണയാണ് പന്ത് പായിച്ചത്. വലൻസിയയുടെ കണക്കിൽ ഒന്നുപോലുമില്ല. 72ാം മിനിറ്റിൽ ബ്രസീലിന്‍റെ ഗബ്രിയേൽ പോളിസ്റ്റ റെഡ് കാർഡ് വാങ്ങി പുറത്തുപോയതോടെ 10 പേരുമായാണ് വലൻസിയ കളിച്ചത്. വിനീഷ്യസിനെ ഫൗൾ ചെയ്തതിനാണ് താരത്തിന് റെഡ് കാർഡ് ലഭിച്ചത്.
റയലിനായി വിനീഷ്യസിന്‍റെ ഗോൾ നേട്ടം 50 ആയി. 200 മത്സരങ്ങളിൽനിന്നാണ് 22കാരനായ താരം ഇത്രയും ഗോൾ നേടിയത്. ലീഗിൽ 19 മത്സരങ്ങളിൽനിന്ന് 16 ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി ബാഴ്സക്ക് 50 പോയന്‍റാണുള്ളത്. രണ്ടാമതുള്ള റയലിന് 19 ഇത്രയും മത്സരങ്ങളിൽനിന്ന് 14 ജയവും മൂന്നു സമനിലയും രണ്ടു തോൽവിയുമായി 45 പോയന്‍റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.