മേജർ ലീഗ് സോക്കറിൽ സമനില കൊണ്ട് രക്ഷപ്പെട്ട് ഇന്‍റർ മയാമി. സൂപ്പർതാരം ലയണൽ മെസ്സി ഇൻജുറി ടൈമിൽ നേടിയ ഗോളിലാണ് ലോസ് ആഞ്ജലസ് ഗാലസ്കിയുമായുള്ള മത്സരത്തിൽ സമനില പിടിച്ചത്.
ലൂയിസ് സുവാരസ്, ബുസ്ക്വറ്റ്സ്, മെസ്സി, ജോഡി ആൽബ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെല്ലാം മയാമിയുടെ പ്ലെയിങ് ഇലവനിൽ കളിക്കാനിറങ്ങിയിരുന്നു. ഗോൾരഹിതമായാണ് ആദ്യപകുതി പിന്നിട്ടത്. 75ാം മിനിറ്റിൽ സെർബിയൻ താരം ഡെജൻ ജോവൽജിക്കിലൂടെ ലോസ് ആഞ്ജലസാണ് ആദ്യം ലീഡെടുത്തത്. ജോസഫ് പെയ്ന്‍റ്സില്ലിന്‍റെ ഷോട്ട് മയാമി ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റിബൗണ്ട് പന്ത് ജോവൽജിക് വലയിലാക്കി. മയാമിയുടെ പരാജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് രക്ഷകനായി മെസ്സി എത്തുന്നത്. 92ാം മിനിറ്റിൽ മെസ്സിയും ആൽബയും ചേർന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്.
മത്സരത്തിന്‍റെ 12ാം മിനിറ്റിൽ ലോസ് ആഞ്ജലസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മയാമി ഗോൾ കീപ്പർ ഡ്രേക് കലണ്ടർ രക്ഷപ്പെടുത്തി. ബോക്സിനുള്ളിൽ പെയ്ന്‍റ്സില്ലിനെ ബുസ്ക്വറ്റ്സ് തള്ളിയിട്ടതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. സ്പാനിഷ് താരം റികാർഡ് പ്യൂഗാണ് കിക്കെടുത്തത്. 88ാം മിനിറ്റിൽ ബുസ്ക്വറ്റ്സിനെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞകാർഡ് വാങ്ങി ഡെൽഗാഡോ പുറത്ത് പോയതോടെ ലോസ് ആഞ്ജലസ് പത്തുപേരിലേക്ക് ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.