പ്രമുഖരെ എന്തുവില കൊടുത്തും ക്ലബുകൾ വലവീശിപ്പിടിക്കുന്ന പ്രഫഷനൽ ഫുട്ബാളിൽ താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകേട്ട് കണ്ണുതള്ളുക സ്വാഭാവികം. ഏറ്റവും ഉയർന്ന വില നൽകി താരങ്ങളെ സ്വന്തമാക്കാൻ നെട്ടോട്ടമോടുന്നതിനിടെ തങ്ങളുടെ കൈവശമുള്ളവരെ പരമാവധി തുകക്ക് കൈമാറുന്നതും പതിവു വാർത്തകൾ. താരത്തിന് മാത്രമല്ല, ക്ലബിനും നേട്ടം നൽകുന്നതാണ് ട്രാൻസ്ഫർ കാലത്തെ കൂടുമാറ്റങ്ങൾ.
ഇതിനിടെയാണ് ടീമിലെ താരങ്ങൾക്കിടയിൽ ശമ്പള സമത്വമെന്ന അത്യപൂർവ നിയമവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് രംഗത്തെത്തിയത്. ഓരോ ആഴ്ചയും അഞ്ചു കോടിയോളം രൂപ വേതനയിനത്തിൽ വാങ്ങിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിനെയും കോച്ചിനെയും പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ അപമാനിച്ച് ടീം വിട്ടതിനു പിന്നാലെയാണ് ഡ്രസ്സിങ് റൂമിലെ അസമത്വങ്ങളിൽ കാര്യമില്ലെന്ന വലിയ ചിന്തയിലേക്ക് ടീം മാനേജ്മെന്റ് എത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നിയമം എന്ന പേരിൽ ഈ വർഷാദ്യത്തോടെ ക്ലബ് അവതരിപ്പിച്ച നിയമമാണ് ഇംഗ്ലീഷ് പ്രഫഷനൽ ലീഗിലെ ഇപ്പോഴത്തെ വാർത്ത.
ഒരാഴ്ച ഒരു താരത്തിന് ലഭിക്കാവുന്ന പരമാവധി തുക രണ്ടു ലക്ഷം പൗണ്ട് (ഏകദേശം രണ്ടു കോടി രൂപ) ആകണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ടീമിൽ ചിലർ മറ്റു ചിലരെക്കാൾ ഇരട്ടിയും അതിലേറെയും വേതനം വാങ്ങുന്നത് ഡ്രസ്സിങ് റൂമിൽ പടലപ്പിണക്കങ്ങൾക്ക് ഇടയാക്കുന്നുവെന്ന് വാർത്തയുണ്ടായിരുന്നു.
അതു പരിഹരിക്കാൻ, മുമ്പ് റൊണാൾഡോ കൈപ്പറ്റിയ പോലെ ഒരു താരവും രണ്ടു ലക്ഷം പൗണ്ടിൽ കൂടുതൽ കൂടുതൽ വേതനം വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് നിയമംവഴി ശ്രമം. ഒരു താരത്തിന് രണ്ടു ലക്ഷം പൗണ്ട് പ്രതിവാര വേതനം നൽകിയാൽ 23 കോടിയോളം പൗണ്ട് പ്രതിവർഷം നൽകണം. ഇതാകട്ടെ, പ്രിമിയർ ലീഗിൽ ഏറ്റവും ഉയർന്ന തുകയാണ്.
യുനൈറ്റഡിൽ നിരവധി താരങ്ങളാണ് ഈ ശമ്പള പരിധിക്കു മുകളിലുള്ളത്. സ്പാനിഷ് ഗോൾകീപർ ഡേവിഡ് ഡി ഗീ തന്നെ ഒന്നാമത്- ആഴ്ചയിൽ മൂന്നേമുക്കാൽ ലക്ഷം പൗണ്ടാണ് താരത്തിന് പ്രതിഫലം. ജെയ്ഡൻ സാഞ്ചോ- മൂന്നര ലക്ഷം പൗണ്ട്, റാഫേൽ വരാനെ- 3.40 ലക്ഷം പൗണ്ട്, കാസമീറോ- മൂന്നു ലക്ഷം പൗണ്ട്, ആന്റണി മാർഷ്യൽ- 2.5 ലക്ഷം പൗണ്ട്. ബ്രൂണോ ഫെർണാണ്ടസ്- 2.40 ലക്ഷം പൗണ്ട് എന്നിങ്ങനെയാണ് പ്രമുഖർ ആഴ്ചയിൽ വാങ്ങുന്നത്. മാർകസ് റാഷ്ഫോഡും രണ്ടു ലക്ഷമോ അതിൽ കൂടുതലോ വാങ്ങുന്നുണ്ട്.
ടീം മികച്ച ഫോമിലേക്ക് കുതിക്കുന്ന ഈ ഘട്ടത്തിൽ വേതനത്തിൽ സമത്വം കൊണ്ടുവരുന്നത് ടീമിന് ഗുണം ചെയ്യുമോ അതോ തിരിച്ചടിയാകുമോ എന്ന വലിയ ചോദ്യം ചിഹ്നം മാനേജ്മെന്റിനെ അലട്ടുന്നുണ്ട്. എന്നാൽ, ഇത് അത്യാവശ്യമാണെന്നും അകത്തെ അസംതൃപ്തിക്ക് ഇത് പരിഹാരമാകുമെന്നും കോച്ചുൾപ്പെടെ വിശദീകരിക്കുന്നു.
പ്രമുഖർ ഇതിന്റെ പേരിൽ ടീം വിടുമോ എന്ന ചോദ്യമാണ് നിലനിൽക്കുന്നത്. റാഷ്ഫോഡുമായി ക്ലബിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. യൂറോപിലെ പ്രമുഖ ടീമുകൾ താരത്തിനായി രംഗത്തുണ്ട്. അവർ വൻതുക മുന്നോട്ടുവെച്ചാൽ താരം കൂടുമാറുമോയെന്ന ചോദ്യം നിലനിൽക്കുകയാണ്. ഡേവിഡ് ഗിക്കും ഈ സീസണോടെ കരാർ അവസാനിക്കും.
കഴിഞ്ഞ സീസണിൽ യുനൈറ്റഡ് നിരയിൽ കടുത്ത പ്രശ്നങ്ങൾ നിലനിന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. പരിശീലന ചുമതലയുമായി ടെൻ ഹാഗ് എത്തിയതോടെയാണ് ആദ്യ പരിഹാരമെന്ന നിലക്ക് കടുത്ത അസമത്വങ്ങൾ ചെറുതായി പരിഹരിക്കാൻ ശമ്പള പരിധി മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.