ലണ്ടൻ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഗണ്ണേഴ്സിന്റെ കിരീടമോഹങ്ങളെ തച്ചുടച്ച് മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി. ലീഗിലെ അവസാന പോരാട്ടത്തിൽ വെസ്റ്റ് ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. സിറ്റിയുടെ പത്താം പ്രീമിയർ ലീഗ് കിരീടം കൂടിയാണിത്. നാല് തവണ തുടർച്ചയായി കിരീടം നേടുന്ന ആദ്യ ടീമായി മാറി ഇതോടെ സിറ്റി. നേരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡാണ് മൂന്ന് തവണ തുടർച്ചയായി ചാമ്പ്യന്മാരായിട്ടുള്ളത്.
38 മത്സരങ്ങളിൽ നിന്ന് 91 പോയിന്റുമായാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. പോയിന്റ് പട്ടികയിൽ തൊട്ടുപിന്നിലുണ്ടായിരുന്ന ആഴ്സണൽ എവർട്ടനുമായുള്ള മത്സരത്തിൽ (2-1) വിജയിച്ചെങ്കിലും 89 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വൂൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ ലിവർപൂൾ 82 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇതിഹാദ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഹാമിനെതിരായ അവസാന പോരാട്ടത്തിൽ ഇരട്ടഗോൾ നേടിയ ഫിൽ ഫോഡനാണ് സിറ്റിയെ അനായാസ വിജയത്തിലെത്തിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ബർണാഡോ സിൽവ ബോക്സിന് മധ്യത്തിലേക്ക് നീട്ടിയ ക്രോസ് സ്വീകരിച്ച ഫിൽ ഫോഡൻ ഇടങ്കാലൻ ഷോട്ടിലൂടെ വെസ്റ്റ് ഹാമിന്റെ വലകുലുക്കുകയായിരുന്നു. 18ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്നും ജെറേമി ഡോകു നൽകി പന്ത് ഫോഡൻ അനായാസം വലയിലാക്കി.
42ാം മിനിറ്റിലാണ് വെസ്റ്റ് ഹാം സ്ട്രൈക്കർ മുഹമ്മദ് കുദൂസിലൂടെ ആദ്യ മറുപടി ഗോൾ നേടുന്നത്. തകർപ്പൻ ബൈസൈക്ക്ൾ കിക്കിലൂടെയാണ് കുദൂസ് ഗോൾ കണ്ടെത്തുന്നത്. രണ്ടാം പകുതിയിൽ 59ാം മിനിറ്റിൽ റോഡ്രിയാണ് സിറ്റിക്കായി മൂന്നാം ഗോൾ നേടുന്നത്. ബെർണാഡോ സിൽവ നൽകിയ പാസിലാണ് റോഡ്രിയുടെ ഗോൾ.
അതേസമയം, എവർട്ടനുമായുള്ള നിർണായക പോരാട്ടത്തിൽ ആഴ്സനൽ 2-1ന് ജയിച്ചെങ്കിലും രണ്ടു പോയിന്റ് നഷ്ടത്തിൽ കിരീടം നഷ്ടപ്പെട്ടു. 40ാം മിനിറ്റിൽ ഇദ്രിസ ഗ്വയേയിലൂടെ എവർട്ടനാണ് അദ്യ ഗോൾ നേടുന്നത്. 43ാം മിനിറ്റിൽ ആഴ്സണലിന്റെ ജപ്പാനീസ് ഡിഫൻഡൻ ടോമിയാസുവാണ് മറുപടി ഗോൾ നേടിയത്. 89ാം മിനിറ്റിൽ സ്ട്രൈക്കർ കായി ഹവേർട്സ്സിലൂടെയാണ് ഗണ്ണേഴ്സ് വിജയഗോൾ നേടുന്നത്.
കണക്കുകൂട്ടലുകളുടെ വലിയ ഭാരവുമായായിരുന്നു പ്രീമിയർ ലീഗിലെ അവസാന പോരാട്ടദിനത്തിൽ ടീമുകളുടെ വരവ്. ആദ്യ രണ്ട് സ്ഥാനക്കാരായ സിറ്റിയും ആഴ്സനലും കിരീടം കിനാവു കണ്ടപ്പോൾ ലിവർപൂൾ വിജയവുമായി ഇഷ്ട പരിശീലകൻ യർഗൻ ക്ലോപ്പിന് കണ്ണീരോടെയെങ്കിലും മികച്ച യാത്രയയപ്പിന് കാത്തിരുന്നു.
വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് 82 പോയന്റുമായി മൂന്നാംസ്ഥാനത്ത് അവസാനിപ്പിച്ചു ലിവർപൂൾ. ചെൽസി 2-1ന് ബേൺമൗത്തിനെ തോൽപിച്ചപ്പോൾ 2-0ത്തിന് ബ്രൈറ്റനെ തകർത്തു മാഞ്ചസ്റ്റർ യുനൈറ്റഡ്. അതേസമയം, നാലാം സ്ഥാനക്കാരായ ആസ്റ്റൻ വില്ല (68) അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത അഞ്ച് ഗോളിന് തോറ്റു.
ടോട്ടൻഹാം (66), ചെൽസി (63), ന്യൂകാസിൽ (60), മാഞ്ചസ്റ്റർ യുനൈറ്റഡ് (60) എന്നിങ്ങനെയാണ് ആദ്യ എട്ട് സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.