മാഞ്ചസ്റ്റർ: ഗോൾമഴ പെയ്ത പെരുംപോരാട്ടത്തിൽ നേരിയ മുൻതൂക്കവുമായി മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ സെമിഫൈനൽ ആദ്യ പാദത്തിൽ റെക്കോഡ് ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ 4-3നാണ് സിറ്റി കീഴടക്കിയത്. ആദ്യവസാനം ആവേശം കൊടുമ്പിരിക്കൊണ്ട കളിയിൽ മേധാവിത്വം പുലർത്തിയിട്ടും ഒരു ഗോൾ ലീഡ് മാത്രമേ നേടാനായുള്ളൂ എന്നത് സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയെ അസ്വസ്ഥനാക്കുന്നുണ്ടാവും. രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലായതിനാൽ വിശേഷിച്ചും. തോൽവി ഒരു ഗോൾ വ്യത്യാസത്തിൽ മാത്രമാണെന്നതിനാൽ സ്വന്തം മൈതാനത്തിലെ രണ്ടാം പാദത്തിൽ കണക്കുതീർക്കാമെന്ന കണക്കുകൂട്ടലിലാണ് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി. മേയ് നാലിനാണ് രണ്ടാം പാദം.
സിറ്റിക്കായി കെവിൻ ഡിബ്രൂയ്ൻ (2), ഗബ്രിയേൽ ജെസ്യൂസ് (11), ഫിൽ ഫോഡൻ (53), ബെർണാഡോ സിൽവ (74) എന്നിവരായിരുന്നു സിറ്റിയുടെ സ്കോറർമാർ. റയലിന്റെ ഗോളുകൾ കരീം ബെൻസേമ (33, 82-പെനാൽറ്റി), വിനീഷ്യസ് ജൂനിയർ (55) എന്നിവരുടെ ബൂട്ടിൽനിന്നായിരുന്നു.
11 മിനിറ്റിനകം രണ്ടു ഗോൾ നേടിയ സിറ്റി റയലിനെ തുടച്ചുനീക്കിയേക്കുമെന്ന നിലയിലായിരുന്നു കളിയുടെ തുടക്കം. സ്വന്തം മൈതാനമായ ഇത്തിഹാദിൽ കിക്കോഫ് വിസിൽ മുതൽ ഇരമ്പിക്കയറിയ സിറ്റിക്കായി റിയാദ് മെഹ്റസിന്റെ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെ ഡിബ്രൂയ്നാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. പിറകെ ഡിബ്രൂയ്ന്റെ പാസിൽ ജെസ്യൂസ് ലീഡുയർത്തി. ഇതിനുപിറകെ അവസരങ്ങൾ തുറന്നെടുത്ത സിറ്റിക്ക് പക്ഷേ അവ മുതലാക്കാനായില്ല. അര മണിക്കൂറാവുമ്പോഴേക്കും നാലു ഗോളെങ്കിലും നേടേണ്ടിയിരുന്ന സിറ്റി പക്ഷേ 33ാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങുന്നതാണ് കണ്ടത്. തകർപ്പൻ ഫോമിൽ കളിക്കുന്ന ബെൻസേമയാണ് ലക്ഷ്യംകണ്ടത്. ഫെർലാൻഡ് മെൻഡിയുടെ ക്രോസിൽ അനായാസ ഫിനിഷിങ്. പിന്നീടും രണ്ടു വട്ടം സിറ്റി ലീഡ് രണ്ടാക്കി ഉയർത്തിയെങ്കിലും രണ്ടു തവണയും റയൽ അത് കുറച്ചു. പരിക്കേറ്റ വലതുബാക്ക് ജോൺ സ്റ്റോൺസിന് പകരമെത്തിയ ഫെർണാണ്ടീന്യോയുടെ പാസിൽ ഫോഡൻ ഹെഡറിലൂടെ സ്കോർ ചെയ്തതിനുപിന്നാലെ ഫെർണാണ്ടീന്യോയെ കബളിപ്പിച്ച് പന്തുമായി കുതിച്ച വിനീഷ്യസിന്റെ സോളോ ഗോളിൽ റയലും വലകുലുക്കി.
പിന്നീട് ബെർണാഡോ സിൽവയുടെ തകർപ്പൻ ഗോളിൽ സിറ്റി വീണ്ടും ലീഡുയർത്തിയെങ്കിലും അധികം വൈകാതെ ബെൻസേമയുടെ പെനേങ്ക പെനാൽറ്റി ഗോളിൽ റയൽ വീണ്ടും ലീഡ് കുറച്ചു. അലക്സാണ്ടർ ഷിൻചെങ്കോയെ ടോണി ക്രൂസ് ഫൗൾ ചെയ്തപ്പോൾ അഡ്വാന്റേജ് വിളിച്ച റഫറി ഇസ്റ്റവാൻ കൊവാക്സിന്റെ മികച്ച തീരുമാനം മുതലെടുത്തായിരുന്നു സിൽവയുടെ ഗോൾ. ഫൗൾ വിസിൽ പ്രതീക്ഷിച്ചുനിന്നതാണ് റയൽ താരങ്ങൾക്ക് വിനയായത്. അയ്മറിക് ലാപോർട്ടെ ബോക്സിൽ പന്ത് കൈകാര്യം ചെയ്തതിനായിരുന്നു റയലിന് പെനാൽറ്റി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.