സാമ്പത്തിക ചട്ട ലംഘനത്തിൽ കുടുങ്ങി മാഞ്ചസ്റ്റർ സിറ്റി; പ്രിമിയർ ലീഗിൽനിന്ന് പുറത്താകുമോ?

2009 മുതൽ 2018 വരെ കാലയളവിൽ മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലുമായി പ്രിമിയർ ലീഗ്. സ്​പോൺസർഷിപ്പ് വരുമാനം, പ്രവർത്തനച്ചെലവ്, കോച്ചിനും താരങ്ങൾക്കും നൽകിയ വേതനം എന്നിവ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാതിരിക്കൽ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രിമിയർ ലീഗ് ഉന്നതാധികാര സമിതി ചുമത്തിയിരിക്കുന്നത്. 2009-13 കാലയളവിൽ കോച്ചയായിരുന്ന റോബർട്ടോ മൻസീനിക്ക് നൽകിയ വേതനവുമായി ബന്ധപ്പെട്ടാണ് പരാതി. 2010- 16 കാലയളവിൽ ടീമിനൊപ്പമുണ്ടായിരുന്ന താരങ്ങൾക്ക് നൽകിയ വേതനത്തിലും പിശകുകൾ ആരോപിക്കപ്പെടുന്നുണ്ട്. 2013-18 കാലയളവിൽ യുവേഫ സാമ്പത്തിക അച്ചടക്ക ലംഘനം നടത്തിയതായും പറയുന്നു.

ക്ലബ് ലൈസൻസിങ്, സാമ്പത്തിക അച്ചടക്കം എന്നിവ ലംഘിച്ചെന്നു പറഞ്ഞ് 2020ൽ കായിക ആർബിട്രേഷൻ കോടതി മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടു വർഷത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് എടുത്തുകളഞ്ഞാണ് തുടർന്നും ലീഗുകളിൽ ടീം മത്സരിച്ചത്.

നാലു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രിമിയർ ലീഗ് ഉന്നതാധികാര സമിതി പുതിയ ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ പോയിന്റ് വെട്ടിക്കുറക്കൽ, നിലവിലെ കിരീടം എടുത്തുകളയൽ എന്നിവ ഉണ്ടായേക്കും. ​പ്രിമിയർ ലീഗ് വിലക്കും ചിലപ്പോൾ ചുമത്തിയേക്കാമെന്ന് ബ്രിട്ടീഷ് ടാ​േബ്ലായിഡുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മത്സരങ്ങൾ വീണ്ടും കളിപ്പിക്കൽ, നഷ്ടപരിഹാരം ഈടാക്കൽ എന്നിവയും ശിക്ഷയായി നൽകാം.

ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമീഷനെ വെക്കും. പ്രിമിയർ ലീഗ് ജുഡീഷ്യൽ പാനൽ അധ്യക്ഷനാകും മൂന്നംഗ കമീഷനെ പ്രഖ്യാപിക്കുക. സ്വകാര്യമായി വിചാരണ നടപടികൾ പൂർത്തിയാക്കിയ ​ശേഷം തീരുമാനം പ്രിമിയർ ലീഗ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിനെതിരെ അപ്പീൽ നൽകാൻ പ്രിമിയർ ലീഗിനും മാഞ്ചസ്റ്റർ സിറ്റിക്കും അധികാരമുണ്ടാകും.

പുതിയ സംഭവവികാസങ്ങളിൽ ഞെട്ടൽ അറിയിച്ച ​മാഞ്ചസ്റ്റർ സിറ്റി, ആവശ്യമായ രേഖകൾ ബന്ധപ്പെട്ട സമിതിക്ക് നൽകിയതാണെന്ന് വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.

സാമ്പത്തിക വിവരങ്ങൾ നൽകൽ സംബന്ധിച്ച് 50 നിയമലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം. കോച്ചിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് എട്ടു പരാതികളുമടക്കം 100ലേറെ ചട്ടലംഘനങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിലവിലെ മാനേജ്മെന്റിനു കീഴിൽ മാഞ്ചസ്റ്റർ സിറ്റി ആറു തവണ ​പ്രിമിയർ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. 

Tags:    
News Summary - Manchester City charged with breaking financial rules by Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.