ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു മത്സരത്തിന്‍റെ ദൂരം മാത്രമാണ് ഇനിയുള്ളത്. ടോട്ടൻഹാമിനെതിരായ നിർണായക മത്സരത്തിൽ 2-0ത്തിന്‍റെ വിജയവുമായി പെപ് ഗ്വാർഡിയോളയും സംഘവും ലീഗ് ടേബിളിൽ ആഴ്സണലിനെ മറികടന്ന് വീണ്ടും തലപ്പത്തെത്തി.
37 മത്സരങ്ങളിൽനിന്ന് 88 പോയന്‍റ്. ആഴ്സണലിന് ഇത്രയും മത്സരങ്ങളിൽനിന്ന് 86 പോയന്‍റും. ഒരു മത്സരം മാത്രമാണ് ലീഗിൽ ഇനി ഇരു ടീമുകൾക്കും ബാക്കിയുള്ളത്. സിറ്റിക്ക് വെസ്റ്റ്ഹാമും ഗണ്ണേഴ്സിന് എവർട്ടണുമാണ് എതിരാളികൾ. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ആഴ്സണൽ തോൽക്കുകയോ, സമനില വഴങ്ങുകയോ ചെയ്താലും സിറ്റിക്ക് കിരീടം ഉറപ്പിക്കാം. ആഴ്സണൽ ജയിച്ചാൽ, വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ സിറ്റിക്ക് ജയം അനിവാര്യമാണ്.
തുടർച്ചയായ നാലാം കിരീടമാണ് സിറ്റിയുടെ ലക്ഷ്യം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ക്ലബും ഇതുവരെ തുടർച്ചയായി നാലു തവണ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിനു പുറമെ, ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും നേടി സിറ്റി ട്രബ്ൾ കിരീട നേട്ടം സ്വന്തമാക്കിയിരുന്നു. സീസണിൽ ഡബ്ൾ തികക്കാനുള്ള അവസരവും സിറ്റിക്കു മുന്നിലുണ്ട്. ഈമാസം 25ന് നടക്കുന്ന എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡാണ് സിറ്റിയുടെ എതിരാളികൾ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മഡ്രിഡിനോട് തോറ്റാണ് സിറ്റി പുറത്തായത്.
ടോട്ടൻഹാം തോറ്റതോടെ ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. ക്ലബ് ആദ്യമായാണ് യുവേഫയുടെ പ്രീമിയർ ക്ലബ് പോരാട്ടത്തിന് പ്രീമിയർ ലീഗിലെ നാലാം ടീമായി ടിക്കറ്റെടുത്തത്. ലീഗിൽ ഒരു മത്സരം മാത്രം ബാക്കിനിൽക്കെ അഞ്ചാമതുള്ള ടോട്ടൻഹാമിനേക്കാൾ അഞ്ചു പോയന്‍റിന്‍റെ ലീഡുണ്ട് ഉനായ് എമരിക്കും സംഘത്തിനും. ആദ്യ നാലു സ്ഥാനക്കാരാണ് ചാമ്പ്യൻസ് ലീഗ് കളിക്കുക. സിറ്റി, ആഴ്സണൽ, ലിവർപൂൾ ടീമുകൾ ഇതിനകം യോഗ്യത നേടിയിരുന്നു. യൂറോപ്യൻ കപ്പ് 1991-92 മുതൽ ചാമ്പ്യൻസ് ലീഗായതു മുതൽ വില്ല ഇതുവരെ യോഗ്യത നേടിയിട്ടില്ല. 41 വർഷം മുമ്പ്, 1982-83 സീസണിലാണ് വില്ല അവസാനമായി യൂറോപ്യൻ കപ്പ് കിരീടം നേടിയത്.
1992-93, 1995-96 സീസണുകളിൽ പ്രീമിയർ ലീഗിൽ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തെങ്കിലും അന്ന് ഒന്നാം സ്ഥാനക്കാർക്ക് മാത്രമാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉണ്ടായിരുന്നത്.
ടോട്ടൻഹാമിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സിറ്റിയുടെ ജയം. സ്ട്രൈക്കർ എർലിങ് ഹാലണ്ടാണ് രണ്ടു ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ 51ാം മിനിറ്റിൽ ഡി ബ്രുയിനെയുടെ പാസിൽനിന്ന് ഹാളണ്ട് ആദ്യം വലകുലുക്കിയത്. 90ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയും ഹാലണ്ട് ലക്ഷ്യത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.