പെപ് ഗ്വാർഡിയോളയുടെ നീലപ്പടയുടെ തേരോട്ടം തടുക്കാൻ ചാംപ്യൻമാരായ ലിവർപൂളിനുമായില്ല. സ്വന്തം തട്ടകമായ ആൻഫീൽഡിൽ 2003നുശേഷം ആദ്യമായി മാഞ്ചസ്റ്റർ സിറ്റിക്ക് മുമ്പിൽ ലിവർപൂൾ കീഴടങ്ങി. ഒന്നിനെതിരെ നാലുഗോളുകൾ വഴങ്ങി ഏകപക്ഷീയമായായിരുന്നു പുകൾപെറ്റ മൈതാനത്ത് ലിവർപൂളിൻെറ കീഴടങ്ങൽ. 70 മിനുറ്റ് വരെ ഒപ്പത്തിനൊപ്പം മത്സരത്തിൽ ഗോൾകീപ്പർ അലിസൺ ബെക്കറിന്‍റെ വലിയ വീഴ്ചകളാണ് ലിവർപൂളിൻെ പതനം ദാരുണമാക്കിയത്. വിജയത്തോടെ 23 കളികളിൽ നിന്നും 50 പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനം ഭദ്രമാക്കി. തോൽവിയോടെ 23 മത്സരങ്ങളിൽ നിന്നും 40 പോയന്‍റുള്ള ലിവർപൂളിൻെ കിരീട പ്രതീക്ഷകൾക്ക് മേൽ ഇരുൾമൂടി.
ഇരുടീമുകളും ഗോൾമുഖം കാത്തുസൂക്ഷിച്ച് കരുതലോടെയാണ് മത്സരം തുടങ്ങിയത്. 36ാം മിനുറ്റിൽ റഹീം സ്റ്റെർലിങ്ങിനെ ഫാബീന്യോ വീഴ്ത്തിയതിന് വീണുകിട്ടിയ പെനൽറ്റി ഗുൻഡോഗൻ പുറത്തേക്കടിച്ചു. 49ാം മിനുറ്റിൽ പെനൽറ്റി കളഞ്ഞതിന്‍റെ പ്രായശ്ചിത്തമായി ഗുൻഡോഗന്‍റെ ഗോളെത്തി. ഫിൽ ഫോഡന്‍റെ ഷോട്ട് അലിസൺ തടഞ്ഞിട്ടെങ്കിലും റീബൗണ്ടായി എത്തിയത് അനായാസം വലയിലെത്തിച്ച് ഗുൻഡോഗൻ സിറ്റിയെ മുന്നിെലത്തിച്ചു. 62ാം മിനുറ്റിൽ സലാഹിന്‍റെ ഊഴമെത്തി. പെനൽറ്റി ബോക്സിലേക്ക് വകഞ്ഞുമാറ്റിക്കയറിയ സലാഹിനെ റൂബൻ ഡയസ് ഫൗൾ ചെയ്തത് റഫറിയുടെ കണ്ണിലുടക്കി. ഗോൾദാഹം മുറ്റിനിന്ന സലാഹ് വീണുകിട്ടിയ പെനൽറ്റി അനായാസം വലയിലേക്ക് പറത്തി ചെങ്കുപ്പായക്കാരെ ഒപ്പമെത്തിച്ചു.
മത്സരം തുല്യനിലയിൽ മുന്നേറവേ ഗോൾ കീപ്പർ അലിസൺ വരുത്തിയ വീഴ്ചകൾ ലിവർപൂളിനെ തരിപ്പണമാക്കുകയായിരുന്നു. 73ാം മിനുറ്റിൽ അലിസൺ അടിച്ചകറ്റിയ പന്ത് വീണത് ഫിൽഫോഡന്‍റെ കാലിൽ. ഓടിക്കയറിയ ഫിൽഫോഡൻ പന്ത് ഗുൻഡോഗന് നീക്കിനൽകി. ഗോൾവരക്ക് തൊട്ടകലെ ലഭിച്ച പന്ത് വലയിലേക്ക് തട്ടിയിട്ട് ഗുൻഡോഗൻ തന്‍റെയും ടീമിന്‍റെയും രണ്ടാംഗോൾ കുറിച്ചു.
പിന്നിലായ ലിവർപൂളിന് ഇരട്ടി ആഘാതമായി വീണ്ടും അലിസണിന്‍റെ പിഴവെത്തി. സമ്മർദ്ദമേതുമില്ലാത്ത പന്ത് അലിസൺ മറിച്ചുനൽകിയത് സിറ്റിയുടെ ബെർണാഡോ സിൽവക്ക്. അപ്രതീക്ഷിതമായി കാലിൽ വീണുകിട്ടിയ സുവർണാവസരം സിൽവ സുന്ദരമായി ചിപ്പ് ചെയ്തുനൽകിയത് റഹീം സ്റ്റെർലിങ് വലയിലെത്തിക്കുകയായിരുന്നു. 83ാം മിനുറ്റിൽ വെടിക്കെട്ട് ഗോളോടെ ഫിൽ ഫോഡൻ ലിവർപൂളിന്‍റെ പതനം പൂർത്തിയാക്കി. പാസിങ്ങിലും പന്ത് കൈവശം വെക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും ഭാവനാസമ്പന്നമായി നീക്കങ്ങൾ നടത്താൻ മത്സരത്തിലുടനീളം ലിവർപൂളിനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.