ലണ്ടൻ: കിരീടത്തിൽ കണ്ണുംനട്ട് രണ്ടു കൊമ്പന്മാർ കാത്തിരിക്കുന്ന പ്രീമിയർ ലീഗിൽ രണ്ടുകളികൾ ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് നാലു പോയന്റ് ദൂരം. വുൾവ്സിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകർത്തുവിട്ടാണ് കിരീടപ്രതീക്ഷക്ക് സിറ്റി കൂടുതൽ നിറം നൽകിയത്. രണ്ടാമതുള്ള ലിവർപൂൾ നിലവിൽ മൂന്നു പോയന്റ് പിറകിലാണ്.
ആദ്യാവസാനം കെവിൻ ഡിബ്രുയിൻ മയമായിരുന്ന മത്സരത്തിൽ നാലുവട്ടമാണ് ബെൽജിയൻ താരം വുൾവ്സ് വല കുലുക്കിയത്. അവശേഷിച്ച ഗോൾ റഹീം സ്റ്റെർലിങ്ങും നേടി. ഏഴാം മിനിറ്റിൽ ലക്ഷ്യംകണ്ട് സിറ്റി തേരോട്ടത്തിന് തുടക്കമിട്ടത് ഡിബ്രുയിനാണ്.
ബെർനാർഡോ സിൽവയുടെ പാസ് അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സ്വന്തം കളിമുറ്റത്ത് നാലു മിനിറ്റിനകം തിരിച്ചടിച്ച് വുൾവ്സ് ഒപ്പം പിടിച്ചെങ്കിലും സമനിലക്ക് ഏറെ ആയുസ്സുണ്ടായില്ല. കാൽ മണിക്കൂറിനിടെ രണ്ടുവട്ടം കൂടി ഗോൾനേടി ബെൽജിയൻ താരം നയം വ്യക്തമാക്കി. പിന്നീടും കളത്തിൽ ഗാർഡിയോളയുടെ സംഘം മാത്രമായിരുന്നു. രണ്ടാം പകുതിയിൽ രണ്ടു വട്ടം കൂടി വല കുലുക്കിയ ടീം എതിരാളികൾക്ക് അവസരമേതും നൽകാതെയായിരുന്നു ജയവുമായി മടങ്ങിയത്.
ജയത്തോടെ കിരീടത്തിലേക്ക് കൂടുതൽ അടുത്ത സിറ്റിക്ക് ഇനിയുള്ള രണ്ടു കളികളിൽ ഒരു ജയവും ഒരു സമനിലയും മതിയാകും. മറുവശത്ത്, ചെമ്പടക്ക് രണ്ടും ജയിച്ചാലും പോരാ, സിറ്റി ഒന്നെങ്കിലും തോൽക്കുകയും വേണം. ഗോൾ ശരാശരിയിലും സിറ്റി ഏറെ മുന്നിലാണിപ്പോൾ. അടുത്ത മത്സരങ്ങളിൽ വെസ്റ്റ് ഹാമും ആസ്റ്റൺ വില്ലയുമാണ് ഇത്തിഹാദുകാർക്ക് എതിരാളികളെങ്കിൽ സതാംപ്ടണും വുൾവ്സുമായാണ് ലിവർപൂൾ കൊമ്പുകോർക്കാനിരിക്കുന്നത്.
തിരക്കുപിടിച്ച ഷെഡ്യൂൾ കാത്തിരിക്കുന്ന ചെമ്പടക്ക് എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയുമായി ശനിയാഴ്ച രാത്രി മത്സരം വേറെയുമുണ്ട്. ഒരു സീസണിൽ നാലു കിരീടങ്ങളെന്ന ചരിത്രത്തിനരികെ നിൽക്കുന്ന ലിവർപൂളിന് എല്ലാം പൂർത്തിയാകാൻ ഇനി സിറ്റി കൂടി കനിയണം.
റോം: നിലവിലെ ജേതാക്കളായ യുവന്റസിനെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച് ഇറ്റാലിയൻ കപ്പ് കിരീടം ഇന്റർമിലാൻ തിരിച്ചുപിടിച്ചു. വിവാദ പെനാൽറ്റിയിലൂടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിലാണ് ഇന്ററിന്റെ ജയം. ഇവാൻ പെരിസിച് നേടിയ ഇരട്ട ഗോളുകളാണ് ടീമിന് എട്ടാം കിരീടം സമ്മാനിച്ചത്.
ആറാം മിനിറ്റിൽ ഇന്ററിനെ നികോളോ ബാരെല്ല മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയിൽ അലക്സ് സാൻട്രോയും (50) ഡുസാൻ വ് ലാഹോവികും (52) യുവന്റസിന് വേണ്ടി സ്കോർ ചെയ്തതോടെ കളിമാറി. 80ാം മിനിറ്റിൽ ലൊതാറോ മാർട്ടിനസിനെ ലിയനാഡോ ബൊനൂസി ഫൗൾ ചെയ്തതെന്ന് പറഞ്ഞാണ് യുവന്റസ് താരങ്ങളുടെയും പരിശീലകൻ മസിമിലിയാനോ അല്ലെഗ്രിയുടെയും പ്രതിഷേധത്തിനിടെ ഇന്ററിന് പെനാൽറ്റി അനുവദിച്ചത്.
ഇത് ഹകാൻ കാൽനോഗ് ലു ലക്ഷ്യത്തിലെത്തിച്ചു. 99ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കിയ പെരിസിച്, 102ാം മിനിറ്റിലും സ്കോർ ചെയ്ത് ടീമിന് വിജയമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.