ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയെ നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലെത്തിക്കുന്നതിൽ കെവിൻ ഡിബ്രൂയിന്റെ മികവ് നിർണായകമായിരുന്നു. മധ്യനിരയിൽ നിറഞ്ഞുകളിച്ച ബെൽജിയം സൂപ്പർതാരത്തിന്റെ േപ്ലമേക്കിങ് പാടവത്തിൽ നിരവധി മത്സരങ്ങളിലാണ് സിറ്റി വിജയത്തിലേക്ക് വല കുലുക്കിയത്. ഗോളിലേക്ക് വഴിയൊരുക്കുന്നതിൽ അതിസമർഥനായ കെവിൻ, സമീപകാലത്തെ സിറ്റിയുടെ നേട്ടങ്ങളിലെല്ലാം അത്രയേറെ സ്വാധീനം ചെലുത്തിയ താരമാണ്.
എന്നാൽ, അടുത്ത സീസണിൽ ഒരുപക്ഷേ ഡിബ്രൂയിൻ സിറ്റി നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചനകൾ. ഇതിഹാസതാരം ലയണൽ മെസ്സി നടത്തിയതുപോലൊരു സർപ്രൈസ് നീക്കവുമായാണ് കെവിന്റെ പേര് ബന്ധപ്പെടുത്തി ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് ഡിബ്രൂയിൻ ചർച്ച നടത്തിയെന്ന് ’ദ അത്‍ലറ്റിക്’ വെളിപ്പെടുത്തി. മേജർ ലീഗ് സോക്കറിൽ മെസ്സിയുടെ ടീമായ ഇന്റർമയാമിയല്ല കെവിനെ നോട്ടമിട്ടിരിക്കുന്നത്. സാൻ ഡീഗോ എഫ്.സിയാണ് താരത്തെ യു.എസിലെത്തിക്കാൻ രംഗത്തുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
യൂറോപ്പിൽനിന്ന് കൂടുമാറാൻ ഡിബ്രൂയിൻ തീരുമാനിക്കുന്നുണ്ടെങ്കിൽ എം.എൽ.എസിലായിരിക്കും താരം എത്തുകയെന്നാണ് റിപ്പോർട്ടുകൾ. 32കാരനായ കെവിന്റെ പ്രതിനിധികൾ സാൻ ഡീഗോ എഫ്.സി അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച ചെയ്തുവെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു. സിറ്റി വിടുന്ന കാര്യത്തിൽ ഡിബ്രൂയിൻ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സാൻ ഡീഗോ അധികൃതരുമായി ഒരു തവണ മാത്രമാണ് താരത്തിന്റെ പ്രതിനിധികൾ ചർച്ച നടത്തിയത്. കൂടുമാറ്റക്കാര്യം യാഥാർഥ്യമാകാൻ ഇനിയുമേറെ ചർച്ചകൾ നടക്കണ്ടേതുണ്ട്. എന്തായാലും ഡിബ്രൂയിന്റെ ലക്ഷ്യം ഇപ്പോൾ മേയ് 25ന് നടക്കുന്ന എഫ്.എ കപ്പ് ഫൈനലാണ്. നഗരവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡാണ് ശനിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശക്കളിയിൽ സിറ്റിയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.