ലണ്ടൻ: യൂറോപ ലീഗ് കലാശപ്പോരിൽ രണ്ട് ഇംഗ്ലീഷ് ടീമുകളുടെ നേരങ്കം സ്വപ്നം കണ്ടവർക്ക് പാതി നിരാശയുടെ ദിനം. റോമയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് മുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ് സെമി ആദ്യപാദം ആഘോഷമാക്കിയപ്പോൾ മറുവശത്ത് സ്പാനിഷ് കരുത്തരായ വിയ്യാ റയലിനോട് ആഴ്സണൽ 1-2ന് തോറ്റു.
ബ്രൂേണാ ഫെർണാണ്ടസും എഡിൻസൺ കവാനിയും ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തിൽ യുനൈറ്റഡിനായി പോൾ പോഗ്ബയും ഗ്രീൻവുഡും ഓരോ ഗോളും നേടി. ഒമ്പതാം മിനിറ്റിൽ ബ്രൂണോയുടെ ബൂട്ടിൽനിന്നായിരുന്നു ആദ്യ ഗോൾ എത്തിയത്. പിറകെ പന്ത് പോഗ്ബയുടെ കൈയിൽ തട്ടിയതിന് പെനാൽറ്റി ഗോളാക്കി പെല്ലഗ്രിനി റോമയെ ഒപ്പമെത്തിച്ചു. സെക്കോയിലുടെ റോമ മുന്നിലെത്തിയെങ്കിലും കണക്കുതീർത്ത് രണ്ടാം പകുതിയിൽ യുനൈറ്റഡ് അടിച്ചുകയറ്റിയത് എണ്ണം പറഞ്ഞ അഞ്ചു ഗോളുകൾ. രണ്ടു വട്ടം ലക്ഷ്യംകണ്ട ബ്രൂണോ രണ്ടെണ്ണത്തിന് സഹായിയുടെ വേഷവുമണിഞ്ഞു.
രണ്ടാം മത്സരത്തിൽ മുനോസിലൂടെ അഞ്ചാം മിനിറ്റിൽ വിയ്യ റയൽ ലീഡ് പിടിച്ചു. 29ാം മിനിറ്റിൽ ലീഡ് രണ്ടാക്കി. അൽബിയോളായിരുന്നു സ്കോറർ. രണ്ടാം പകുതിയിൽ പെപ്പെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഒരു ഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും അവിടെ അവസാനിച്ചു.
അടുത്ത വ്യാഴാഴ്ചയാണ് രണ്ടാം പാദ മത്സരങ്ങൾ. റോമക്ക് മറികടക്കാൻ ഗോൾമല മുന്നിലുള്ളതിനാൽ സാധ്യതകളത്രയും യുനൈറ്റഡിന്. മറുവശത്ത് ഒരു ഗോൾ മാർജിനിലെ തോൽവി കടന്ന് വിജയവുമായി സ്വന്തം മണ്ണിൽ തിരിച്ചുവരാനായാൽ ഗണ്ണേഴ്സിന് പ്രതീക്ഷ ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.