കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) പുതിയ സീസൺ പടിവാതിൽക്കൽ എത്തിനിൽക്കെ, കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് തുറന്ന കത്തെഴുതി ടീമിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പുതിയ താരങ്ങളെയെത്തിക്കുന്നതിലടക്കം മാനേജ്‌മെന്റ് പുലർത്തുന്ന നിസംഗതയെ ചോദ്യം ചെയ്താണ് ആരാധകരുടെ വൈകാരിക കത്ത്.
വരാനിരിക്കുന്ന സീസണിലെ ആശങ്ക പങ്കുവെച്ച മഞ്ഞപ്പട, പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ക്ലബിനൊപ്പം ഒരുപതിറ്റാണ്ടിലേറെയായി അടിയുറച്ച് നിൽക്കുന്നവരാണ് മഞ്ഞപ്പട എന്ന ആമുഖത്തോടെ തുടങ്ങിയ കത്തിൽ നിലവിലെ പ്രശ്‌നങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ക്ലബിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകൾ ആശങ്കപ്പെടുത്തുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ, കളിക്കാരുടെ സൈനിങ്, താരങ്ങളെ വിറ്റഴിക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ക്ലബിന് വ്യക്തതയില്ലാത്തതിൽ കത്തിൽ നിരാശയും അസംതൃപ്തിയും പങ്കുവെക്കുന്നു.
ടീമിന് മികവിലേക്കുയരാൻ ആവശ്യമായ താരങ്ങളെ ക്ലബിലെത്തിക്കാൻ മാനേജ്‌മെന്റ് തയാറാകണമെന്നും ആവശ്യപ്പെട്ടു. മഞ്ഞപ്പട്ട ഒരു ആരാധക കൂട്ടം മാത്രമല്ല, ഞങ്ങൾ ഒരു കുടുംബമാണ്. ജീവിക്കുന്നതും ശ്വസിക്കുന്നതും ഈ ക്ലബിനുവേണ്ടിയാണ്. നങ്ങളുടെ ക്ഷമയും വിശ്വസ്തതയും അചഞ്ചലമാണ്, ഇത്രയധികം ചേർത്തുവെച്ച ക്ലബിന് ഞങ്ങളോട് വല്ല പ്രതിബദ്ധതയും ഉണ്ടോയെന്ന് അറിയണമെന്നും കത്തിൽ പറയുന്നു. മധ്യനിരയിൽ ജീക്സണു പകരം മറ്റൊരു താരത്തെയോ, ദിമിത്രിയോ ഡയമന്‍റകോസിനു പകരം ഒരു സ്ട്രൈക്കറെയോ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനത്തിൽ ആരാധകർ നിരാശരാണ്. ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്.സിയോട് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തായത്. ഐ.എസ്.എൽ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം തിരുവോണ ദിനത്തിൽ കൊച്ചി ജവഹൽ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.