മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; എഫ്.സി ഗോവയുടെ പരിശീലകനായും തുടരും

ന്യൂഡൽഹി: മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ. എ.ഐ.എഫ്.എഫ് യോഗത്തിലാണ് ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയുടെ സ്പെയിൻ പരിശീലകൻ കൂടിയായ മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി നിയമിച്ചത്.

ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് നിയമനം. എഫ്.സി ഗോവയുടെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിനെയും പരിശീലിപ്പിക്കും. 2024-25 ഐ.എസ്.എൽ സീസണിൽ ഗോവ പരിശീലകനായി തുടരുന്ന മാര്‍ക്വേസ് അവസാന രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യൻ ടീമിന്‍റെ മുഴുവന്‍ സമയ പരിശീലകനാകും. ഇന്ത്യൻ ഫുട്ബാളുമായുള്ള ഏറെ നാളത്തെ അനുഭവപരിചയമാണ് 55കാരനായ മാർക്വേസിനെ ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണം.

ദേശീയ ടീമിലെ യുവതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ മാർക്വേസിനു കീഴിൽ പരിശീലനം നേടിയവരാണ്. 2020 മുതൽ ഐ.എസ്.എല്ലിൽ പരിശീലക റോളിൽ അദ്ദേഹം സജീവമാണ്. 2023 വരെ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകനായിരുന്നു. പിന്നീടാണ് എഫ്.സി ഗോവയിൽ എത്തുന്നത്. സ്പെയിനിൽ ടോപ് ഡിവിഷൻ ക്ലബായ ലാസ് പാൽമാസ് ക്ലബിനെയും മൂന്നാം ഡിവിഷൻ ക്ലബായ എസ്പാന്യോൾ ബി, പ്രാറ്റ്, യൂറോപ്പ, ലാസ് പാൽമാസ് ബി ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

‘ഈ സുപ്രധാന റോളിലേക്ക് മാർക്വേസിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, അദ്ദേഹത്തെ ദേശീയ ടീമിനെ പരിശീലിപ്പിക്കാനായി വിട്ടയച്ചതിന് എഫ്‌.സി ഗോവയോട് നന്ദിയുണ്ട്. വരും വർഷങ്ങളിൽ മാർക്വേസിനൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയാണ്. ഒരേ സമയം രണ്ടു ടീമുകളെ പരിശീലിപ്പിക്കുന്നത് വെല്ലുവിളിയാകാതിരിക്കാൻ എ.ഐ.എഫ്.എഫും എഫ്‌.സി ഗോവയും മാർക്വേസും സഹകരിച്ച് പ്രവർത്തിക്കും. മികച്ച ഫലം കൈവരിക്കാൻ ശ്രമിക്കും’ -എ.ഐ.എഫ്.എഫ് പ്രസിഡന്‍റ് കല്യാണ്‍ ചൗബേ പറഞ്ഞു.

2021-22 സീസണില്‍ ഹൈദരാബാദിനെ ഐ.എസ്.എൽ ചാമ്പ്യന്മാരാക്കിയ മാർക്വേസ് അടുത്ത രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ഗോവയെ മൂന്നാം സ്ഥാനത്തും എത്തിച്ചിരുന്നു. ഒക്ടോബറില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റാകും മാര്‍ക്വേസിന്‍റെ ആദ്യ ദൗത്യം. ഇന്ത്യക്കു പുറമെ, വിയറ്റ്നാമും ലെബനനുമാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.

ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലകനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഇന്ത്യയെ എന്‍റെ രണ്ടാമത്തെ വീടായാണ് കരുതുന്നതെന്നും മാർക്വേസ് പ്രതികരിച്ചു.

Tags:    
News Summary - Manolo Marquez Appointed Head Coach Of Indian Men's Football Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.