ബ്വേനസ്എയ്റിസ്: 'ഡീഗോയുടെ ജീവനുവേണ്ടി ഞങ്ങൾ പരമാവധി ശ്രമിച്ചു. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ, ഡീഗോയുടെ കുടുംബം, ഞാൻ തുടങ്ങി എല്ലാവരും. പക്ഷേ, അദ്ദേഹം ആഗ്രഹിക്കാതെ ഒന്നും ഫലപ്രദമാവില്ലായിരുന്നു' -ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണത്തിനു പിന്നാലെ ഉയർന്ന ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കുമിടയിൽ കുടുംബ ഡോക്ടർ ലിേയാപോൾഡോ ലുക്യൂ മനസ്സു തുറക്കുന്നത് ഇങ്ങനെയാണ്
കഴിഞ്ഞ ദിവസമാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ചികിത്സയിൽ പിഴവുണ്ടെന്നും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നും അവസാന സമയത്ത് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നുമുള്ള ആരോപണമുയർന്നതോടെ അർജൻറീന പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും ഡീഗോയുടെ ഡോക്ടർ ലിയോപോൾഡോ ലൂക്യൂവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്തു. ഞായറാഴ്ച അദ്ദേഹത്തിെൻറ വീട്ടിലും ക്ലിനിക്കിലും അന്വേഷണ സംഘം പരിശോധന നടത്തുകയും ചെയ്തത് ലോകമാധ്യമങ്ങളിലാകെ വാർത്തയായി.
ഇതിനിടെയാണ് ഡോക്ടർ പ്രതികരണവുമായി രംഗത്തെത്തിയത്. അമിത മദ്യാസക്തിയുടെയും ലഹരിയുടെയും ബുദ്ധിമുട്ടുകളും വിഷാദവും ഡീഗോയെ അലട്ടിയിരുന്നു. അതിൽനിന്ന് മോചനം നൽകാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. ശസ്ത്രക്രിയക്കുശേഷം വീട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തിനായിരുന്നു നിർബന്ധം. അതുകൊണ്ടാണ് വീടിനു സമീപത്തായി പ്രത്യേക പരിചരണമൊരുക്കിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. അപകടസാധ്യത കുറക്കാനുള്ളതെല്ലാം ചെയ്തു. -ഡോക്ടർ പറയുന്നു.
നിലവിലെ വിവാദങ്ങളിൽ കാര്യമില്ല. തലയിലെ ശസ്ത്രക്രിയ ആയിരുന്നില്ല മരണകാരണം. വിദഗ്ധരായ ആറ് ഡോക്ടർമാരാണ് ഡീഗോയെ പരിശോധിച്ചത്. ഏറ്റവും മികച്ച ചികിത്സയും പരിചരണവും ആശുപത്രി വിട്ട ശേഷം ഒരുക്കിയിരുന്നു. ആശുപത്രിയായിതന്നെ റീഹാബ് സെൻറർ ഒരുക്കി. ഡീഗോക്കായി ഏറ്റവും നന്നായിതന്നെ ജോലിചെയ്തു. അതിൽ അഭിമാനമുണ്ട്. എനിക്കൊന്നും മറച്ചുവെക്കാനില്ല -തനിക്കെതിരായ ആരോപണങ്ങളോട് ഡോക്ടർ ലിേയാപോൾഡോ പ്രതികരിക്കുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് പരിചരണത്തിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് കാൽപന്ത് ലോകത്തെ കണ്ണീരിലാഴ്ത്തി ഡീഗോ മറഡോണ മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.