ന്യൂഡൽഹി: ഒമാനും യു.എ.ഇക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള 35 താരങ്ങളുടെ പ്രാഥമിക സ്ക്വാഡിനെ ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ഐകർ സ്റ്റിമാക് പ്രഖ്യാപിച്ചു.
നോർത് ഈസ്റ്റ് യുനൈറ്റഡ് ടീമിലെ ഡിഫൻഡറും മലപ്പുറം സ്വദേശിയുമായ മഷൂർ ശരീഫും കേരള ബ്ലാസ്റ്റേഴ്സിന്റെ രാഹുൽ കെ.പിയും പുതുമുഖങ്ങളായി പട്ടികയിൽ ഇടം പിടിച്ചു. അതേസമയം പരിക്കേറ്റതിനെത്തുടർന്ന് സഹൽ അബ്ദുൽ സമദിനെ പരിഗണിച്ചില്ല. ആഷിഖ് കുരുണിയനും പട്ടികയിലുണ്ട്.
മാർച്ച് 25ന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 29ന് ദുബൈയിൽ വെച്ചാണ് യു.എ.ഇക്കെതിരായ മത്സരം. ഐ.എസ്.എൽ ഫൈനൽ നടക്കുന്ന മാർച്ച് 13ന് ശേഷമാകും 28 താരങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുക.
മഷൂറിനൊപ്പം അശുതോഷ് മേത്ത, ഹൈദരാബാദ് എഫ്.സിയുടെ ആകാശ് മിശ്ര, കേരള ബ്ലാസ്റ്റേഴ്സിന്റെ ജീക്സൺ സിങ് എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ.
സാധ്യത പട്ടികയിൽ ഇടംപിടിച്ച 35 താരങ്ങളും ഐ.എസ്.എല്ലിൽ നിന്നുള്ളതാണെന്നതാണ് രസകരമായ വസ്തുത. ഐ ലീഗിൽ നിന്നുള്ള ഒരാളെ പോലും പട്ടികയിൽ ഉൾപെടുത്തിയില്ല. സഹലിനെക്കൂടാതെ ബ്രാൻഡൻ ഫെർണാണ്ടസ്, രാഹുൽ ഭേകെ, ആഷിഷ് റായ് എന്നിവരെയും പരിക്കിനെത്തുടർന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.