ദുബൈ: ഖത്തർ ലോകകപ്പിന് ആവേശം പകരാൻ മീഡിയവൺ സംഘടിപ്പിച്ച സൂപ്പർ കപ്പിൽ ആവേശപ്പോരാട്ടം. വീറുറ്റ മത്സരത്തിനൊടുവിൽ പാലക്കാടും കോഴിക്കോടും ഫൈനലിലെത്തി. ദുബൈ ഖിസൈസിലെ ഡിറ്റർമിനേഷൻ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ സെമിഫൈനലിൽ തിരുവനന്തപുരത്തെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് കോഴിക്കോട് കലാശപ്പോരിൽ ഇടംപിടിച്ചത്. മലപ്പുറത്തിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തറപറ്റിച്ചാണ് പാലക്കാട് ഫൈനൽ ബെർത്തുറപ്പിച്ചത്.
എട്ടു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരവും അരങ്ങേറിയിരുന്നു. ബ്രസീൽ, അർജന്റീന എന്നീ ടീമുകളായി തിരിഞ്ഞാണ് കുട്ടികൾ ഏറ്റുമുട്ടിയത്. സൂപ്പർ കപ്പ് സെമിയിൽ മലപ്പുറം ഹീറോസും പാലക്കാട് പാന്തേഴ്സും തമ്മിലായിരുന്നു ആദ്യ മത്സരം.
ഫുട്ബാളിന്റെ മണ്ണായ മലപ്പുറത്തു നിന്നെത്തിയ ടീമിന്റെ വലയിൽ ഒന്നിനു പിറകെ ഒന്നായി നാലു ഗോളുകൾ അടിച്ചുകയറ്റിയാണ് പാലക്കാട് വിജയഭേരി മുഴക്കിയത്. പാലക്കാടിനായി മുഹമ്മദ് സാലിഹ് രണ്ടു ഗോൾ നേടിയപ്പോൾ നാഷിദും ഷാനിഷും ഓരോ തവണ ലക്ഷ്യം കണ്ടു. മലപ്പുറത്തിന്റെ ആശ്വാസ ഗോളുകൾ കണ്ടെത്തിയത് ബുജൈറാണ്. പാലക്കാടിന്റെ നസ്റുദ്ദീൻ മാൻ ഓഫ് ദ മാച്ചായി. കോഴിക്കോടും തിരുവനന്തപുരവും തമ്മിൽ നടന്ന രണ്ടാം മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരം നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി ഒപ്പം പിടിച്ചു.
കോഴിക്കോടിനായി ഇർഷാദും നബീലും ഗോൾ നേടിയപ്പോൾ കുഞ്ഞുമോൻ, ഇമ്മാനുവൽ എന്നിവരിലൂടെ തിരുവനന്തപുരം മറുപടി കൊടുത്തു. വിട്ടുകൊടുക്കാത്ത പോരാട്ടം നടന്ന ഷൂട്ടൗട്ടിൽ 5-4നാണ് കോഴിക്കോട് വിജയിച്ചത്. തിരുവനന്തപുരത്തിന്റെ ഇമ്മാനുവലാണ് മാൻ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.