ക്വാലാലംപുർ: ഗോൾവര കടന്ന പന്ത് ഗോളാകാൻ വിടാതെ റഫറിയും കുണ്ടും കുഴിയും നിറഞ്ഞ് മൈതാനവും വില്ലൻ വേഷമണിഞ്ഞ മെർദേക കപ്പിൽ ഇന്ത്യയെ വീഴ്ത്തി ആതിഥേയർ ഫൈനലിൽ. മലേഷ്യയിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ നടന്ന ‘സെമി’ പോരാട്ടത്തിലാണ് ആദ്യവസാനം രാജോചിത പോരാട്ടവുമായി നിറഞ്ഞുനിന്നതിനൊടുവിൽ ഇന്ത്യ 4-2ന് കീഴടങ്ങിയത്.
ഏഴാം മിനിറ്റിൽ വല കുലുക്കി മലേഷ്യയാണ് സ്കോറിങ് തുടങ്ങിയത്. ഡിയോൺ കൂൾസ് ആയിരുന്നു സ്കോറർ. മിനിറ്റുകൾക്കിടെ മഹേഷ് സിങ്ങിന്റെ വോളിയിൽ തിരിച്ചടിച്ച് ഇന്ത്യ വരവറിയിച്ചെങ്കിലും സമനില തെറ്റിച്ച് 20ാം മിനിറ്റിൽ മലേഷ്യ പിന്നെയും ലീഡ് പിടിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഒരിക്കൽകൂടെ പന്ത് വലയിലെത്തിച്ച് മലേഷ്യ ലീഡുയർത്തി. ശരിക്കും പുതിയ ഊർജവുമായി ഇടവേള കഴിഞ്ഞെത്തിയ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവാണ് തുടർന്ന് മൈതാനം സാക്ഷിയായത്. ഇടതുവിങ്ങിൽ മഹേഷിന്റെ മനോഹര നീക്കത്തിനൊടുവിൽ തള്ളിനീക്കിയ പന്ത് ചാങ്തെയുടെ കാലുകളിൽ. പ്രതിരോധത്തെയും ഗോളിയെയും നിസ്സഹായരാക്കി ഛേത്രിക്ക് കൈമാറിയത് വലയിലെത്തിക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല. അതോടെ കൂടുതൽ ഉണർന്ന ഇന്ത്യക്കായി 57ാം മിനിറ്റിൽ ലലിയൻസുവാല ചാങ്തെ ഗോൾവര കടത്തിയെങ്കിലും മലേഷ്യൻ പ്രതിരോധ താരം അടിച്ചകറ്റിയത് മാത്രം കണ്ട റഫറി ഗോൾ നിഷേധിച്ചു. വിഡിയോ പരിശോധിക്കാൻ ഛേത്രിയും സംഘവും നിരന്തരം ആവശ്യപ്പെട്ടുനോക്കിയെങ്കിലും റഫറി വഴങ്ങിയില്ല. നേരത്തെയും റഫറിയിങ്ങിനെ കുറിച്ച പരാതികൾ വലുതായിരുന്നെങ്കിലും ഇത്തവണ അതിരുവിട്ടുപോയെന്നായിരുന്നു പരിശീലകൻ സ്റ്റിമാക്കിന്റെ പരിഭവം. റിപ്ലേയിൽ ഗോൾ തെളിഞ്ഞിട്ടും റഫറി അനുവദിച്ചില്ല. ഇത് അവസരമാക്കിയ മലേഷ്യ മിനിറ്റുകൾക്കിടെ ഒരിക്കലൂടെ സ്കോർ ചെയ്തതോടെ ഇന്ത്യക്കു മുന്നിൽ പണി ഇരട്ടിയായി.
ആക്രമണ മുഖത്തായ ഫലസ്തീൻ പിൻവാങ്ങിയതോടെ മൂന്നു രാജ്യങ്ങൾ മാത്രമായി മാറിയ ടൂർണമെന്റിൽ ഇതോടെ മലേഷ്യക്ക് തജികിസ്താനാകും ഫൈനലിൽ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.