ന്യൂയോർക്ക്: ലയണൽ മെസ്സിക്കൊപ്പം ചേർന്ന ഇന്റർ മയാമിക്ക് ജയമില്ലാത്ത ആദ്യകളി. ലീഗ്സ് കപ്പ് ഫൈനലിനു പിന്നാലെ മേജർ ലീഗ് സോക്കറിൽ നാഷ്വിലുമായി ഏറ്റുമുട്ടിയ മയാമിക്കാർ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മെസ്സി അണിയിലെത്തിയ ശേഷം ഇതാദ്യമാണ് ഒരു മത്സരത്തിൽ മയാമിക്ക് വല കുലുക്കാനാവാതെ പോകുന്നത്.
മത്സരത്തിൽ മെസ്സിക്ക് രണ്ടു ഫ്രീകിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി ടൈമിൽ നാലു നാഷ്വിൽ കളിക്കാരെ വകഞ്ഞുമാറ്റി മുന്നേറി മെസ്സി തൊടുത്ത ഷോട്ട് ഗോളി എലിയറ്റ് പാനിക്കോ അതീവശ്രമകരമായി തട്ടിയകറ്റുകയായിരുന്നു. ഇന്റർ മയാമിയിലേക്ക് ചേക്കേറിയ ശേഷം മെസ്സിക്ക് വല കുലുക്കാൻ കഴിയാതെ പോയ ആദ്യ മത്സരമായി അതു മാറി.
സമനില വഴി ഒരു പോയന്റ് ലഭിച്ച മയാമി േപ്ലഓഫ് സാധ്യതകൾ സജീവമാക്കി. ലീഗിൽ 14-ാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേക്ക് കയറിയെത്തിയാൽ മയാമിക്ക് േപ്ലഓഫ് കളിക്കാനാകും.
ലീഗ്സ് കപ്പ് ഫൈനലും യു.എസ്. ഓപൺ കപ്പ് സെമിഫൈനലും അടക്കം മെസ്സി ഉൾപ്പെട്ട മയാമി കളിച്ച ഒമ്പതു മത്സരങ്ങളും ജയിച്ച ശേഷമാണ് സ്വന്തം ഗ്രൗണ്ടിൽ നാഷ്വിലിനെ നേരിടാനിറങ്ങിയത്. കളിച്ച ഒമ്പതു മത്സരങ്ങളിൽ 10 ഗോളുകൾ മെസ്സി സ്കോർ ചെയ്തിരുന്നു.
ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 60-ാം മിനിറ്റിൽ കളത്തിലെത്തിയ മെസ്സിയും സെർജിയോ ബുസ്ക്വെറ്റ്സും നാഷ്വിലിനെതിരെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ചു. സൂപ്പർതാരവും സംഘാംഗങ്ങളും ആക്രമണം ശക്തിപ്പെടുത്തുമെന്ന കണക്കുകൂട്ടലിൽ നാഷ്വെൽ പ്രതിരോധം കിക്കോഫ് മുതൽ ജാഗരൂകമായിരുന്നു. തങ്ങളുടെ നിയന്ത്രണഭൂമിയിൽ പടുകോട്ട കെട്ടിയ അവർ മെസ്സിയെയും കൂട്ടരെയും ആദ്യ 60 മിനിറ്റിൽ ഗോളിലേക്ക് ഒരു ഷോട്ടുമുതിർക്കാൻ അനുവദിച്ചില്ല. ഡാക്സ് മക്കാർത്തിയുടെ ഫൗളിൽ 60-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മെസ്സി വലയിലേക്ക് അടിച്ചെങ്കിലും പാനിക്കോ കൃത്യമായ പൊസിഷനിൽനിന്ന് കൈപ്പിടിയിലൊതുക്കി.
ഇതിനിടെ, ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളാൽ മയാമിയെ മുൾമുനയിൽ നിർത്തിയ എതിരാളികൾ ഒരുതവണ വല കുലുക്കുകയും ചെയ്തു. ഹാനി മുക്താർ ആഘോഷം തുടങ്ങുംമുമ്പ് പക്ഷേ, ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗുയർന്നിരുന്നു. 83-ാം മിനിറ്റിൽ മെസ്സി തൊടുത്ത ഫ്രികിക്ക് പ്രതിരോധ മതിലിൽതട്ടി തെറിക്കുകയായിരുന്നു. ലീഗ്സ് കപ്പിൽ മെസ്സി ഗോൾ നേടിയ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിൽ നാഷ്വിലിനെ കീഴടക്കി മയാമിക്കാർ കപ്പുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.