ബ്യൂണസ് ഐറിസ്: സൂപ്പർതാരം ലയണൽ മെസ്സിക്ക് വിലക്ക് നീങ്ങി. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന അർജൻറീനക്ക് ആശ്വാസം.
ഇതോടെ ഒക്ടോബർ എട്ടിന് ബ്യൂണസ് ഐറിസിൽ ഇക്വഡോറിനെതിരെയും ശേഷം ബൊളീവിയക്കെതിരെയുമുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സിക്ക് കളിക്കാനാകും. 2019ൽ കോപ അമേരിക്ക ലൂസേഴ്സ് ഫൈനലിനു പിന്നാലെ നടന്ന നാടകീയ സംഭവങ്ങളുടെ പേരിലാണ് തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ മെസ്സിക്കെതിരെ കടുത്ത നടപടിയെടുത്തത്.
ചിലിക്കെതിരായ മത്സരത്തിൽ എതിരാളിയുടെ ഫൗളിനു പിന്നാലെ ചുവപ്പുകാർഡുമായി പുറത്തായ ലയണൽ മെസ്സി സംഘാടകർക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ടൂർണമെൻറിൽ വലിയ അഴിമതിയാണ് നടക്കുന്നത്. ബ്രസീൽ ജേതാക്കളാകുന്ന രീതിയിലാണ് മത്സരങ്ങളുടെ സംഘാടനം. അഴിമതിയും നിലവാരമില്ലാത്ത റഫറിയിങ്ങും കളിയുടെ ആവേശം ചോർത്തി - എന്നിങ്ങനെയായിരുന്നു മെസ്സിയുടെ ആരോപണങ്ങൾ.
സെമിയിൽ അർജൻറീന ബ്രസീലിനോട് തോറ്റതിെൻറ ആരാധക അമർഷത്തിനിടെയായിരുന്നു മെസ്സിയുടെ ആരോപണങ്ങൾ. ഇത് തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷന് ഏറെ നാണക്കേടായിയിരുന്നു.
ഇതിനുപിന്നാലെയാണ് മൂന്നു മാസം വിലക്കും അരലക്ഷം ഡോളർ (34.83 ലക്ഷം രൂപ) പിഴയും മെസ്സിക്ക് വിധിച്ചത്. ഇപ്പോൾ വിലക്ക് കാലാവധി അവസാനിച്ചതായുള്ള അർജൻറീനിയൻ ഫുട്ബാൾ ഫെഡറേഷൻെറ വാദം തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ അംഗീകരിച്ചതോടെയാണ് മെസ്സിക്ക് കളിക്കാൻ അരങ്ങൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.