എംബാപെ തിരിച്ചു വരേണ്ട, ഞങ്ങള്‍ക്ക് മെസ്സി-നെയ്മര്‍ കോമ്പോ മതി! പി.എസ്.ജി ആരാധകരുടെ യു ടേണ്‍!

ഒരു മത്സരം കഴിഞ്ഞതേയുള്ളൂ, പി.എസ്.ജി ആരാധകര്‍ അവരുടെ സ്റ്റാര്‍ പ്ലെയര്‍ കിലിയന്‍ എംബാപെയെ ട്രോളാന്‍ തുടങ്ങി! ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരത്തില്‍ മെസ്സിയും നെയ്മറും തകര്‍ത്താടിയപ്പോള്‍ പി.എസ്.ജി 5-0നാണ് ക്ലെര്‍മൊന്റ് ഫൂട്ടിനെ തകര്‍ത്തത്. എംബാപെ ആദ്യ മത്സരം കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ, ഇനി എംബാപെ തിരിച്ചു വരണമെന്നില്ല, ഞങ്ങള്‍ക്ക് മെസ്സി-നെയ്മര്‍ കോമ്പിനേഷന്‍ മതിയെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എംബാപെ സ്വാര്‍ഥനാണ്. മെസ്സിയും നെയ്മറും പരസ്പരം സഹകരിച്ച് കളിക്കുന്നു. അവര്‍ ടീമിനെ വലിയ വിജയങ്ങളിലേക്ക് കൊണ്ടു പോകും എന്ന് മറ്റൊരു ആരാധകന്‍ തുറന്നടിക്കുന്നു. മത്സരത്തില്‍ മെസ്സി രണ്ട് ഗോളടിക്കുകും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തപ്പോള്‍ നെയ്മര്‍ ഒരു ഗോളടിക്കുകയും മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഏറെ പഴികേട്ട താരമാണ് നെയ്മര്‍. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോടേറ്റ തോല്‍വിയോടെ നെയ്മര്‍ ക്ലബ് ആരാധകര്‍ക്ക് അനഭിമതനായിരുന്നു. മത്സരശേഷം നെയ്മറെ കൂക്കിവിളിക്കുകയും ചെയ്തു.

എംബാപെ പി.എസ്.ജിയുമായി പുതിയ കരാര്‍ ഒപ്പുവെച്ചതിന് ശേഷം നെയ്മറിനെ രണ്ടാം നിരയിലേക്ക് തരം താഴ്ത്താന്‍ നടത്തിയ നീക്കം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നെയ്മറിനെ വില്‍ക്കാന്‍ പി.എസ്.ജി തീരുമാനിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ രംഗത്തുവരികയും ചെ‍‍യ്തതാണ്. എന്നാല്‍, ജനുവരി ട്രാന്‍സ്ഫറിലേക്ക് വെച്ചിരിക്കുകയാണ് നെയ്മറിന്റെ കച്ചവടം. ഇപ്പോഴിതാ, മെസ്സിയും നെയ്മറും ബാഴ്‌സലോണയിലെ അവരുടെ അതുല്യമായ ഫുട്‌ബാള്‍ മാസ്മരികത പി.എസ്.ജിയിലും പുറത്തെടുത്തിരിക്കുന്നു.

മെസ്സി നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ ഓഫ് ദ സീസണ്‍ ആയിക്കഴിഞ്ഞു. ലിയാന്‍ഡ്രോ പരെഡെസ് നല്‍കിയ ലോങ് പാസ് മെസി നെഞ്ചില്‍ നിയന്ത്രിച്ച് അതിവേഗം ബൈസിക്കിള്‍ കിക്ക് ചെയ്യുകയായിരുന്നു. മെസ്സി നടത്തിയ അസിസ്റ്റും ചര്‍ച്ചയായി. പുതിയ കോച്ച് ക്രിസ്റ്റഫെ ഗാല്‍റ്റിയറിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ് മെസ്സി-നെയ്മര്‍ കോമ്പോയുടെ മിന്നും ഫോം. എംബാപെ തിരിച്ചുവരുന്നതോടെ ഈ കോമ്പോ തകരുമോ എന്ന ആശങ്ക മാത്രമാണ് ആരാധകര്‍ക്കുള്ളത്.

പി.എസ്.ജിയുടെ രണ്ടാംലീഗ് മത്സരം റീംസിനെതിരെയാണ്.

Tags:    
News Summary - Messi bicycle goal, Neymar's three assists lift champs to 5-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.