പൊട്ടിക്കരഞ്ഞ്​ മെസ്സി; 'ബാഴ്​സ എന്‍റെ വീട്​, പക്ഷേ തുടരാൻ കഴിയാത്ത സാഹചര്യം'

ബാഴ്​സലോണ വിടുന്ന കാര്യം സ്​ഥിരീകരിച്ച്​ ഫുട്​ബോൾ താരം മെസ്സി. ബാഴ്​സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ മെസ്സി കണ്ണീരോടെ ഇക്കാര്യം സ്​ഥിരീകരിച്ചത്​. വാർത്താ സമ്മേളനത്തിൽ പലപ്പോഴും വിതുമ്പിക്കൊണ്ടാണ്​ അദ്ദേഹം ചോദ്യങ്ങൾക്ക്​ മറുപടി പറഞ്ഞത്​. 'ബാഴ്​സലോണയാണ്​ എന്‍റെ വീട്​. 13ാം വയസ്സ്​ മുതൽ ഇതാണ്​ എന്‍റെ ലോകം. ബാഴ്​സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യമാണ്​'- മെസ്സി പറഞ്ഞു.

കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്​സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്തിടെയാണ്​ അവസാനിച്ചത്​. നിലവിൽ മെസ്സി പി.എസ്​.ജിയിലേക്കെന്നാണ്​​ സൂചന. ഫ്രഞ്ച്​ ക്ലബ്​ ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ്​ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽതാനി​ ഈ വാർത്ത സ്​ഥിരീകരിച്ചിട്ടുണ്ട്​. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാക​ുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തിരുന്നു. പി.എസ്​.ജിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മെസ്സിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'എന്താണ് പറയേണ്ടതെന്ന് അറിയില്ല എന്നതാണ് സത്യം. ഇത്രയും വർഷങ്ങൾക്ക് ശേഷം, എ​െൻറ ജീവിതകാലം മുഴുവൻ ഉണ്ടായിരുന്ന ഒരു സ്​ഥലത്തുനിന്ന്​ മാറുക ശരിക്കും ബുദ്ധിമുട്ടാണ്. ഞാൻ ഇതിന് ഒരിക്കലും തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷത്തെ സ്​ഥിതി അതായിരുന്നില്ല. അന്ന്​ ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇൗ വർഷം സമാനമായതല്ല.ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകുമെന്ന്​ എനിക്കും കുടുംബത്തിനും ഉറപ്പായിരുന്നു. മറ്റെന്തിനേക്കാളും ഞങ്ങൾക്ക് വേണ്ടത് അതായിരുന്നു. പക്ഷെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്​'-മെസ്സി പറഞ്ഞു.


പി.എസ്​.ജിയിലേക്കുള്ള മാറ്റത്തി​െൻറ സാധ്യതകളെകുറിച്ചും മെസ്സി പ്രതികരിച്ചു. 'അതൊരു സാധ്യതയാണ്​. ആരോടും ഒരു ഉറപ്പും ഞാൻ പറഞ്ഞിട്ടില്ല. ഇത്തരമൊരു വാർത്ത പ്രചരിച്ചതിനെതുടർന്ന്​ നിരവധിപേർ ബന്ധപ്പെട്ടിരുന്നു. ക്ലബ്​ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്​. പക്ഷെ ഒന്നും ഉറപ്പിച്ചിട്ടില്ല'.

'ബാർസക്ക്​ വലിയ കടങ്ങളുണ്ട്​. അതുകൊണ്ടുതന്നെ ഇവിടെ തുടരാൻ സാധിക്കില്ല. ക്ലബ്​ പ്രസിഡൻറ്​ പറഞ്ഞതും അതാണ്​. ഇനിയും ഇവിടെ തുടരാൻ ശ്രമിക്കുന്നത്​ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ'-മെസ്സി കൂട്ടിച്ചേർത്തു.

മെസ്സിയെ വാങ്ങുമെന്ന്​ ​സാധ്യത കൽപിക്കപ്പെട്ടിരുന്ന പ്രിമിയർ ലീഗ്​ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നേരത്തെ പിൻവാങ്ങിയതോടെ പി.എസ്​.ജിക്കൊപ്പമാകും സൂപ്പർതാരമെന്ന സൂചനയുണ്ടായിരുന്നു. വമ്പൻ പ്രതിഫലം നൽകേണ്ട താരത്തിനെ ഏറ്റെടുക്കാൻ ക്ലബുകളിൽ പലതിന്‍റെയും സാമ്പത്തിക സ്​ഥിതി അനുവദിക്കാത്തതാണ് പി.എസ്​.ജിക്ക്​​ അനുഗ്രഹമായത്​. നേ​രത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്​മർ, കിലിയൻ എംബാപെ തുടങ്ങിയവർക്കൊപ്പമാകും ഇതോടെ അടുത്ത സീസൺ മുതൽ മെസ്സി ബൂട്ടുകെട്ടുക.

ഫുട്​ബാളിൽ പിച്ചവെച്ചുതുടങ്ങിയ അന്ന​ുതൊട്ട് മെസ്സി​ ജഴ്​സി അണിഞ്ഞ ക്ലബാണ്​ ബാഴ്​സലോണ. ടീമിന്‍റെ വലിയ വിജയങ്ങളിൽ പലതിന്‍റെയും ശിൽപിയും അമരക്കാരനുമായി. 2003 മുതൽ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്​. കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്​നങ്ങളെ തുടർന്ന്​ ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്​ഫർ വ്യവസ്​ഥകളിൽ കുരുങ്ങി. ഇത്തവണ കരാർ കാലാവധി അവസാനിച്ചതോടെ പകുതി തുക നൽകി നിലനിർത്താമെന്ന്​ ക്ലബ്​ സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.

പി.എസ്​.ജിയിലെ ട്രാൻസ്​ഫർ തുക സംബന്ധിച്ച്​ അന്തിമ ധാരണയായിട്ടില്ല. സെർജിയോ റാമോസ്​, ജോർജിനോ വിജ്​നാൾഡം, ജിയാൻലൂയിജി ഡൊണാറുമ തുടങ്ങിയവർ നേരത്തെ പി.എസ്​.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്​. ഇവർക്കു പിന്നാലെയാണ്​ മെസ്സിയുടെ വരവ്​. ആറു തവണ ബാലൻ ഡി ഓർ ജേതാവായ മെസ്സി ജൂലൈ ഒന്നുമുതൽ ബാഴ്​സ കരാർ അവസാനിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.