ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ നിലവിലെ മികച്ച ഫുട്ബാൾ താരമെന്ന തർക്കം ആരാധകർക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്നതാണ്. വിരമിച്ചവരും നിലവിൽ കളിക്കുന്നവരുമായ 100 പേർക്കിടയിൽ 'ദ അത്‌ലറ്റിക്' അടുത്തിടെ നടത്തിയ സർവേയുടെ ഫലം പുറത്തുവന്നിരിക്കുകയാണിപ്പോൾ. കരിയർ വിജയത്തിന്റെ അടിസ്ഥാനത്തിൽ മികച്ച താരത്തെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പേരും വോട്ട് ചെയ്തത് പോർച്ചുഗൽ താരത്തിന് അനുകൂലമായായിരുന്നു. നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അനുകൂലമായി 66 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ അർജന്റീനക്കും പി.എസ്.ജിക്കുമൊപ്പം കളിക്കുന്ന മെസ്സിയെ പിന്തുണച്ചത് 34 ശതമാനം പേർ മാത്രമാണ്.
വ്യക്തിഗത നേട്ടം നോക്കുകയാണെങ്കിൽ ലയണൽ മെസ്സി ഏഴ് ബാലൺ ഡി ഓർ പുരസ്കാരങ്ങളുമായി ഒന്നാമതെത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഞ്ചെണ്ണമാണ് ലഭിച്ചത്. റൊണാൾഡോ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ (ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി) ലീഗ് വിജയം ആസ്വദിച്ചിട്ടുണ്ട്. മെസ്സി സ്പെയിനിലും ഫ്രാൻസിലും ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. റൊണാൾഡോക്ക് മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ, സീരി എ വിജയങ്ങളും ഉണ്ട്. അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ബാഴ്‌സലോണക്കൊപ്പം 10 തവണ ലാലിഗ നേടിയ മെസ്സി കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജെർമനൊപ്പം ലീഗ് 1 കിരീടം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ നാല് കിരീടങ്ങളാണ് നേടാനായത്. രണ്ടു താരങ്ങൾക്കും അവരുടെ ദേശീയ ടീമുകൾക്കൊപ്പം ഒരു പ്രധാന ട്രോഫിയുണ്ട്. പോർച്ചുഗലിനൊപ്പം റൊണാൾഡോ 2016 യൂറോ നേടിയപ്പോൾ കഴിഞ്ഞ വർഷം അർജന്റീനയെ മെസ്സി കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.