ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന പത്ത് ഫുട്ബാൾ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ട് ഫോബ്സ്. പ്രീമിയർ ലീഗിലെയും ലാലീഗയിലേയും താരങ്ങളെ പിന്തള്ളി പട്ടികയിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് സൗദി പ്രൊ ലീഗ് താരങ്ങളാണ്.
സൗദി പ്രോ ലീഗിൽ നിന്നുള്ള നാല് പേരാണ് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന 10 ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. അടിസ്ഥാന ശമ്പളവും ബോണസും അവകാശ കരാറുകളും ഉൾപ്പെടെ കളത്തിൽ നിന്നും പുറത്ത് നിന്നും ലഭിക്കുന്ന വരുമാനവും ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
1. ക്രിസ്റ്റ്യാനോ റൊണാൾഡോ
പതിവ് പോലെ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്നെയാണ് ഒന്നാമത്. 285 മില്യൺ ഡോളറാണ് സൗദി അൽ നസ്ർ താരത്തിന്റെ ആകെ പ്രതിഫലം. കളത്തിൽ നിന്ന് 220 മില്യൺ ഡോളറും കളത്തിന് പുറത്ത് നിന്ന് 65 മില്യണും ഉൾപെടെയാണിത്. ഇൻസ്റ്റഗ്രം ഫേസ്ബുക്ക്, എക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായി 900 ദശലക്ഷത്തിലധികം പേർ പിന്തുടരുന്ന ഈ 39 കാരൻ ലോകത്ത് ഏറ്റവും ജനപ്രിയനായ കായികതാരമാണ്.
2. ലയണൽ മെസ്സി
അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാമൻ. 37 കാരനായ ഈ ഇന്റർ മയാമി താരത്തിന്റെ ആകെ പ്രതിഫലം 135 മില്യൺ ഡോളറാണ്. 60 മില്യൺ കളത്തിൽ നിന്നും 75 മില്യൺ കളത്തിന് പുറത്തുനിന്നുമാണുള്ളത്. അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഇന്റർ മയാമിലേക്ക് കൂടുമാറിയ മെസ്സിയുടെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഡിഡാസ്, ആപ്പിൾ ടിവി, കൊനാമി തുടങ്ങിയവരാണ് കളിത്തിന് പുറത്തെ മെസ്സിയുടെ പങ്കാളികൾ.
3. നെയ്മർ ജൂനിയർ
നിരന്തരം പരിക്കിന്റെ പിടിയിലൂടെ കടന്നുപോകുന്ന ബ്രസീലിയൻ സൂപ്പർതാരത്തിന്റെ വിപണിമൂല്യത്തിൽ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വർഷവും പുറത്ത് വിടുന്ന പട്ടിക. 110 മില്യൺ ഡോളറിന്റെ ആകെ പ്രതിഫലത്തോടെ മൂന്നാമതാണ് നെയ്മർ. സൗദി പ്രൊ ലീഗ് വമ്പന്മാരായ അൽ ഹിലാലിലേക്ക് റെക്കോഡ് തുകക്ക് ചേക്കേറിയ 32 കാരനായ നെയ്റിന് പരിക്കുമൂലം ക്ലബിന് വേണ്ടി വെറും മൂന്ന് മത്സരങ്ങളേ കളിക്കാനായുള്ളൂ. കളത്തിൽ നിന്ന് 80 മില്യൺ ഡോളറിന്റെ പ്രതിഫലം പറ്റുന്നതാരത്തിന് പുറത്ത് നിന്ന് 30 മില്യൺ ഡോളറും ലഭിക്കുന്നു.
4. കരീം ബെൻസേമ
സൗദി അൽ ഇത്തിഹാദിന്റെ താരമായ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമയാണ് പട്ടികയിൽ നാലാമത്. 104 മില്യൺ ഡോളറാണ് ബെൻസേമയുടെ ആകെ പ്രതിഫലം. കളത്തിൽ നിന്ന് 100 മില്യണും പുറത്ത് നിന്ന് നാല് മില്യൺ ഡോളറുമാണ് ബെൻസേമ വാങ്ങിക്കൂട്ടുന്നത്.
5. കിലയൻ എംബാപ്പെ
റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ തന്നെയാണ് പട്ടികയിൽ അഞ്ചാമത്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ എംബാപ്പെ ഗ്രൗണ്ടിൽ നിന്ന് 70 മില്യണും പുറത്ത് നിന്ന് 20 മില്യണും ഉൾപ്പെടെ 90 മില്യൺ ഡോളറാണ് ആകെ പ്രതിഫലം പറ്റുന്നത്.
6. എൽലിങ് ഹാലൻഡ്
മാഞ്ചസ്റ്റർ സിറ്റിയുടെ 'ഗോളടി യന്ത്രവും' നോർവേജീനിയൻ സൂപ്പർ സ്ട്രൈക്കറുമായ എർലിങ് ഹാലൻഡാണ് പട്ടികയിൽ ആറാമത്. രണ്ട് പ്രീമിയർ ലീഗ് കിരീടം, ഒരു എഫ്.എ കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ സ്വപ്ന നേട്ടങ്ങളാണ് രണ്ട് വർഷം കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിലൂടെ ലഭിച്ചത്. കളത്തിൽ നിന്ന് 46 മില്യൺ ഡോളറും പുറത്ത് നിന്ന് 14 മില്യണും ഉൾപ്പെടെ 60 മില്യൺ ഡോളറാണ് ആകെ പ്രതിഫലം.
7. വിനീഷ്യസ് ജൂനിയർ
ഈ വർഷത്തെ വരുമാന പട്ടികയിൽ പുതുമുഖമാണ് 24 കാരനായ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. 18 വയസ് മുതൽ റയൽ മാഡ്രിഡിൽ പന്തുതട്ടുന്ന താരത്തിന്റെ ആകെ പ്രതിഫലം 55 മില്യൺ ഡോളറാണ്. 40 മില്യൺ കളത്തിൽ നിന്നും പുറത്ത് നിന്നും 15 മില്യണും ഉൾപ്പെടെയാണിത്.
8. മുഹമ്മദ് സലാഹ്
ലിവർപൂളിന്റെ സ്റ്റാർ സ്ട്രൈക്കറും ഈജിപ്ഷ്യൻ ഫുട്ബാൾ താരവുമായ മുഹമ്മദ് സലാഹാണ് പട്ടികയിൽ എട്ടാമൻ. 35 മില്യൺ ഡോളർ കളത്തിൽ നിന്നും 18 മില്യൺ പുറത്തു നിന്നും നേടുന്ന 32 കാരന്റെ ആകെ പ്രതിഫലം 53 മില്യൺ ഡോളറാണ്.
9. സാദിയോ മാനേ
സൗദി അൽ നസ്റിന്റെ സെനഗൽ താരം താരം സാദിയോ മാനേയാണ് പട്ടികയിൽ ഒമ്പാതാമത്. 52 മില്യൺ ഡോളറാണ് 32 കാരന്റെ ആകെ പ്രതിഫലം. കളത്തിൽ നിന്ന് 48 മില്യൺ ഡോളറും പുറത്ത് നിന്ന് നാല് മില്യൺ ഡോളറുമാണ് താരം സമ്പാദിക്കുന്നത്.
10. കെവിൻ ഡിബ്രൂയിൻ
മാഞ്ചാസ്റ്റർ സിറ്റിയുടെ ബെൽജിയം സൂപ്പർ താരം കെവിൻ ഡിബ്രൂയിനാണ് പട്ടികയിൽ പത്താമത്. 39 മില്യൺ ഡോളറാണ് ആകെ പ്രതിഫലം. കളത്തിൽ നിന്ന് 35 മില്യണും നാല് മില്യൺ പുറത്തുനിന്നും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.