ഗോളും അസിസ്റ്റും ചേർത്ത് ഹാട്രിക്കുകാരായി ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നിറഞ്ഞാടിയ കളിയിൽ തകർപ്പൻ ജയം പിടിച്ച് പി.എസ്.ജി. ലീഗ് വൺ കിരീടപ്പോരിൽ തൊട്ടുപിറകിലുള്ള കരുത്തരായ മാഴ്സെ ആണ് രണ്ട് അതിമാനുഷരുടെ മാസ്മരിക പ്രകടനത്തിനു മുന്നിൽ കാൽഡസൻ ഗോൾ ചോദിച്ചുവാങ്ങിയത്. രണ്ടു വട്ടം ഗോളടിച്ച് എംബാപ്പെ പി.എസ്.ജിക്കായി 200 ഗോൾ തികച്ചപ്പോൾ ഒരു ഗോൾ നേടി മെസ്സി കരിയറിൽ 700 ക്ലബ് ഗോളുകളെന്ന അപൂർവ നേട്ടത്തിൽ ക്രിസ്റ്റ്യാനോക്കൊപ്പമെത്തി.
ആദ്യ അരമണിക്കൂറിനിടെയായിരുന്നു രണ്ട് ഗോളുകൾ. 25ാം മിനിറ്റിൽ മെസ്സി നൽകിയ പാസിൽ മനോഹര ഷോട്ടുമായി എംബാപ്പെയാണ് സ്കോർ ബോർഡ് തുറന്നത്. നാലു മിനിറ്റിനിടെ എംബാപ്പെ കൈമാറിയ പാസിൽ മെസ്സിയും വല കുലുക്കി. ഇതോടെ ചിത്രത്തിലില്ലാതായ മാഴ്സെ വലയിൽ രണ്ടാം പകുതിയിൽ എംബാപ്പെ വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണയും അസിസ്റ്റുമായി കൂട്ടുനൽകിയത് മെസ്സി. നെയ്മർ പരിക്കുമായി പുറത്തിരിക്കുന്ന ടീമിന്റെ മുന്നേറ്റത്തിൽ ഇരുവരും ചേർന്ന് സമാനതകളില്ലാത്ത ജോഡികളായാണ് കളിയിലുടനീളം നിറഞ്ഞുനിന്നത്.
പി.എസ്.ജിക്കായി ഗോൾവേട്ടയിൽ ഡബ്ൾ സെഞ്ച്വറി കുറിച്ച എംബാപ്പെ ഈ റെക്കോഡിൽ എഡിൻസൺ കവാനിക്കൊപ്പമെത്തി. 2017ൽ ടീമിലെത്തിയ താരം കവാനിയെക്കാൾ അതിവേഗത്തിലാണ് ഈ നേട്ടം തൊട്ടതെന്നത് വേറെ കാര്യം.
ക്ലബ് കരിയറിൽ 700 ഗോൾ പൂർത്തിയാക്കിയ മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ മാത്രമാണുള്ളത്. യൂറോപ്യൻ സോക്കറിൽ 701 ഗോളുകൾ പൂർത്തിയാക്കി സൗദി ലീഗിലെത്തിയ താരം അൽനസ്ർ നിരയിൽ ഗോൾവേട്ട തുടരുകയാണ്. എന്നാൽ, 13ാം വയസ്സിൽ കളി തുടങ്ങിയ ബാഴ്സലോണക്കൊപ്പം 778 കളികളിൽ 672 ഗോൾ കുറിച്ച മെസ്സി കഴിഞ്ഞ സീസണിലാണ് പി.എസ്.ജിക്കൊപ്പമെത്തിയത്. ദേശീയ ടീമിനായി ഇതുവരെ 98 ഗോളുകൾ പൂർത്തിയാക്കിയ മെസ്സി സെഞ്ച്വറി പിന്നിടുന്ന മൂന്നാമത്തെ താരമെന്ന അപൂർവ ചരിത്രത്തിനരികെയാണ്. ലീഗ് വണ്ണിൽ അവസാന 20 കളികളിൽ മെസ്സി 12 ഗോളുകൾ നേടിയപ്പോൾ 12 അസിസ്റ്റും നൽകിയിട്ടുണ്ട്.
ജയത്തോടെ ലിഗ് വൺ ഒന്നാം സ്ഥാനത്ത് പി.എസ്.ജി ലീഡ് 18 ആയി. മറ്റു കളികളിൽ നാപോളി എംപോളി തോൽപിച്ചപ്പോൾ ഇന്റർ ബൊളോണയോടു തോറ്റു. എ.സി മിലാൻ അറ്റ്ലാന്റയെ 2-0നും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.