പാനമക്കെതിരായ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോൾ ജയവുമായി അർജന്റീന. ഖത്തർ ലോകകപ്പിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനക്ക് വേണ്ടി സൂപ്പർതാരം ലയണൽ മെസ്സി ഗംഭീര ഫ്രീകിക്ക് ഗോളുമായി തിളങ്ങി. തിയാഗോ അൽമാഡയും വലകുലുക്കി.
മത്സരത്തിന്റെ 78-ാം മിനിറ്റ് വരെ ഗോളടിക്കാൻ വിടാതെ അർജന്റീനയെ പിടിച്ചുകെട്ടാൻ പാനമക്ക് കഴിഞ്ഞിരുന്നു. ടാക്കിളുകളും മറ്റുമായി പ്രതിരോധക്കോട്ട കെട്ടുകയായിരുന്നു പാനമ. എന്നാൽ, അതവർക്ക് തന്നെ വിനയായി മാറുന്ന കാഴ്ചയായിരുന്നു. അർജന്റീന അടിച്ച ഇരുഗോളുകളും പിറന്നത് മെസ്സിയുടെ ഫ്രീകിക്കുകളിലൂടെ. ആദ്യ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തിരിച്ചുവന്നതോടെ അൽമാഡ റീബൗണ്ടിലൂടെ ഗോളാക്കി മാറ്റി. കളിയുടെ അവസാന നിമിഷങ്ങളിൽ മെസ്സി തന്നെ മനോഹരമായൊരു ഫ്രീകിക്കിലൂടെ ടീമിന്റെ വിജയം പൂർണമാക്കുകയും ചെയ്തു.
തന്റെ കരിയറിലെ 800-ാം ഗോളാണ് സാക്ഷാൽ ലയണൽ മെസ്സി ഇന്ന് ഗോൾ പോസ്റ്റിന് 22 മീറ്റർ അകലെ നിന്ന് ഫ്രീകിക്കിലൂടെ കുറിച്ചത്. അർജന്റീനക്ക് വേണ്ടി താരമടിച്ച 99-ാം ഗോളുകൂടിയായിരുന്നു അത്.
ഖത്തർ ലോകകപ്പിൽ കളിച്ച താരങ്ങളെ മാത്രം ഉൾപ്പെടുത്തിയായിരുന്നു അർജന്റീന ആദ്യ ഇലവനെ ഇറക്കിയത്. രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.