ന്യൂയോർക്ക്: ലയണൽ മെസ്സിയുടെ ഇന്റർമയാമിയിലേക്കുള്ള വരവ് അവരുടെ കളിയിൽ മാത്രമല്ല വിപണിമൂല്യത്തിലും ഉണ്ടാക്കിയത് വലിയ മാറ്റം. ടീമിനെ മെസ്സി ലീഗ്സ് കപ്പ് ജേതാക്കളാക്കിയതോടെ ഇന്റർമയാമിയുടെ വരുമാനത്തിലടക്കം വലിയ വർധനയാണ് ഉണ്ടായത്. ഇതുമൂലം ടീമിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്സിന്റെ എണ്ണവും ഉയർന്നിട്ടുണ്ട്.
മെസ്സി കളിക്കുന്ന മേജർ ലീഗ് സോക്കറിൽ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള താരവും അദ്ദേഹം തന്നെ. വടക്കെ അമേരിക്കയുടെ ഫുട്ബാൾ ചരിത്രത്തിൽ ഒരു കളിക്കാരന്റെ വിപണി മൂല്യം ഇത്രത്തോളം ഉയരുന്നത് ഇതാദ്യാമായാണ്.
ഇതിന് മുമ്പ് നിരവധി ഇതിഹാസ താരങ്ങൾ അമേരിക്കൻ ക്ലബുകളിൽ കളിക്കാനെത്തിയിട്ടുണ്ട്. തിയറി ഹെൻറി, ആന്ദ്രേ പിർലോ, ഡേവിഡ് വിയ്യ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ഡേവിഡ് ബെക്കാം എന്നിവരെല്ലാം ഇത്തരത്തിൽ കളിക്കാനെത്തിയവരാണ്. ഇവർക്കൊന്നുമില്ലാത്ത വിപണിമൂല്യമാണ് മെസ്സിക്കിപ്പോഴുള്ളത്.
ഫ്രാഞ്ചൈസിയെന്ന നിലയിൽ ഇന്റർമയാമിയുടെ മൂല്യം 90.6 മില്യൺ യൂറോയാണ്. ഇതിൽ 35 ദശലക്ഷം യൂറോയാണ് മെസ്സിയുടെ സംഭാവന. ലീഗിൽ കളിക്കുന്നതിൽ മെസ്സി കഴിഞ്ഞാൽ അർജന്റീനാ ടീമിൽ മെസ്സിയുടെ സഹതാരമായ തിയാഗോ അൽമാദക്കാണ് ഏറ്റവും കൂടുതൽ മൂല്യം -27 ദശലക്ഷം യൂറോ. മെസ്സിക്കൊപ്പം ഇന്റർമയാമിയിലെത്തിയ ജോർദി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നിവരുടെ മൂല്യം യഥാക്രമം നാല് മില്യൺ യൂറോയും 3.5 മില്യൺ യുറോയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.