ഖത്തർ ലോകകപ്പ് കിരീട വിജയത്തിന്റെ ആഘോഷത്തിലാണ് അർജന്റീനയിപ്പോഴും. യൂറോപാകട്ടെ, യൂറോ യോഗ്യത ഉറപ്പാക്കാനുള്ള തീപാറും പോരാട്ടങ്ങളിലും. കുറസാവോക്കെതിരെ സൗഹൃദ മത്സരത്തിനിറങ്ങിയ മെസ്സി കഴിഞ്ഞ ദിവസം രാജ്യത്തിനായി 100 ഗോൾ പിന്നിട്ടിരുന്നു. ഹാട്രിക് നേടിയാണ് മെസ്സി ചരിത്ര നേട്ടത്തിലേക്ക് പന്തടിച്ചുകയറിയത്. ലക്സംബർഗിനെതിരായ മത്സരത്തിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ ഡബ്ളും നേടി. രാജ്യാന്തര ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോയാണ് ബഹുദൂരം മുന്നിൽ- 122. ഇറാന്റെ ഇതിഹാസ താരം അലി ദായ് 109 അടിച്ച് രണ്ടാമത് നിൽക്കുമ്പോൾ മെസ്സി മൂന്നാമതാണ്- 102.
ഓരോ ഗോളും ആഘോഷമാകുമ്പോഴും അവ ആർക്കെതിരെ കുറിച്ചതാണെന്ന അപൂർവ ചോദ്യവും ബാക്കി നിൽക്കുന്നുണ്ട്. നിലവിൽ ഫിഫ റാങ്കിങ്ങിൽ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ. ഒന്നും രണ്ടും സ്ഥാനത്ത് ലാറ്റിൻ അമേരിക്കയും മറ്റെല്ലാം യൂറോപും.
സൂപർ താരങ്ങളിൽ മെസ്സി ആദ്യ 10ലെ ടീമുകൾക്കെതിരെ കുറിച്ചത് 15 ഗോളുകളാണ്- ബ്രസീൽ (അഞ്ച്), ഫ്രാൻസ് (മൂന്ന്), ക്രൊയേഷ്യ (മൂന്ന്), സ്പെയിൻ (രണ്ട്), നെതർലൻഡ്സ് (ഒന്ന്) എന്നിങ്ങനെ. ക്രിസ്റ്റ്യാനോയാകട്ടെ, ഇവക്കെതിരെ നേടിയത് 14ഉം- നെതർലൻഡ്സ് (നാല്), ബെൽജിയം (മൂന്ന്), സ്പെയിൻ (മൂന്ന്), ഫ്രാൻസ് (രണ്ട്), അർജന്റീന (ഒന്ന്), ക്രൊയേഷ്യ (ഒന്ന്) എന്നിങ്ങനെയാണത്.
ലോക ഒന്നാം റാങ്കുകാരായ ബ്രസീലിനെതിരെയാണ് മെസ്സി കൂടുതൽ ഗോളുകൾ നേടിയതെന്നതാണ് കൗതുകം. എന്നാൽ, ഡച്ചുപടയാണ് ക്രിസ്റ്റ്യാനോയുടെ പട്ടികയിൽ ഒന്നാമത്. ഫ്രാൻസ്, നെതർലൻഡ്സ്, ക്രൊയേഷ്യ, സ്പെയിൻ ടീമുകൾക്കെതിരെ ഇരുവരും ഗോൾ നേടിയിട്ടുണ്ട്. നാലു ടീമുകൾ മൊത്തം വഴങ്ങിയത് 19 ഗോളുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.