താമരശ്ശേരി: കാൽപന്തുകളിയുടെ കുട്ടിപ്പതിപ്പായ മിനി ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി പ്രതിരോധ കോട്ട തീർക്കാൻ താമരശ്ശേരിക്കാരൻ ആദിൽ അഷ്റഫ് ഗോവയിലെത്തി. താമരശ്ശേരി തച്ചംപൊയിൽ പൂക്കോട് സ്വദേശിയായ ആദിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാൽപന്തുകളിയുടെ ലോകത്ത് സജീവമാകുന്നത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന അവേലം ചുടലക്കണ്ടി അഷ്റഫിന്റെയും താമരശ്ശേരി ഗ്രാമപഞ്ചായത്ത് അവേലം വാർഡ് മെംബർ ബുഷ്റ അഷ്റഫിന്റെയും ഇളയ മകനാണ്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം അംഗമാകുന്നത്. കെ.പി.എല്ലിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത ആദിലിനെ കഴിഞ്ഞദിവസമാണ് ഗോവയിൽ നടക്കുന്ന മിനി ഐ.എസ്.എൽ ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത്. ഗോവയിലെത്തിയ ആദിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ് ബാക്കായാണ് ജേഴ്സി അണിയുക.
പൂനൂരിലെ ടെറഫിൽ പന്തുതട്ടി കളിച്ച ഈ കായികതാരത്തെ പരിശീലകനായ എസ്റ്റേറ്റ്മുക്ക് സ്വദേശി സയ്യിദ് റിസ്‍വാനാണ് മികച്ച പരിശീലനത്തിനായി വഴിയൊരുക്കുന്നത്. തൃശൂർ റെഡ് സ്റ്റാർ ക്ലബിലെത്തിയ ആദിൽ മൂന്നു വർഷം ഇവിടെ പരിശീലിച്ചു. സെന്റ് അഗസ്ത്യൻ എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനൊപ്പമായിരുന്നു പരിശീലനം. പിന്നീട് കളിമികവിൽ മുത്തൂറ്റ് ജൂനിയർ ടീമിലെത്തി. ഇവിടെ പരിശീലനവും കൊണ്ടോട്ടി എം.ഐ.സി. എച്ച്.എസ്.എസിൽ പ്ലസ് വണിന് പഠിക്കുന്നതിനിടെയാണ് ട്രയൽസിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. ഈ മാസം 15 മുതൽ നടക്കുന്ന മിനി ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരിശീലനത്തിലാണെന്ന് ആദിൽ അഷ്റഫ് പറഞ്ഞു. ഇളയസഹോദരന്റെ കളിക്കളത്തിലെ മികവ് കാണാൻ കാത്തിരിക്കുകയാണ് സഹോദരി ഖദീജാഫെമിനും സഹോദരൻ ഗൾഫിലുള്ള അബ്ദുൽബാരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.