ദോഹ: ദോഹയിൽ നിന്നും 18 കി.മീ അകലെ അൽ വക്റയിലാണ് ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ആദ്യ മത്സരവേദിയായ അൽ ജനൂബ് സ്റ്റേഡിയം. നവംബർ 22ന് ഈ കളിമുറ്റത്തെ ആദ്യമത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ കാൽപന്തു ലോകവും ആരാധകരും ഏറ്റവുമേറെ നൊമ്പരപ്പെടുന്നത് മനോഹരമായ സ്റ്റേഡിയത്തിന്റെ ശിൽപിയെ ഓർത്താവും.
ഇവിടെ ആരവമുയരുന്ന രാത്രിയിൽ ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളിൽ ഒന്നായി സഹാ ഹാദിദുമുണ്ടാവും. പായ് വഞ്ചി മാതൃകയിൽ പണിതുയർത്തി, നീലക്കടലിന്റെ ചന്തം പകർന്ന ഈ സ്റ്റേഡിയത്തിൽ ആദ്യമായി പന്തുരുളും മുമ്പേ ഇറാഖി-ബ്രിട്ടീഷ് വാസ്തുശിൽപിയായ സഹാ ഹദിദ് ഈ ലോകം വിട്ടുപോയിരുന്നു.
2019ലായിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമെങ്കിലും അതിനും മൂന്നു വർഷം മുമ്പേ അവർ അകാലത്തിൽ വിട പറഞ്ഞകന്നു. കടൽത്തീരനഗരം കൂടിയായ അൽ വക്റയിൽ സ്റ്റേഡിയം നിർമിക്കാനൊരുങ്ങുമ്പോൾ കടലും ആദ്യകാല ഖത്തറിന്റെ ജീവിതവുമായിരുന്ന സഹയുടെ ആശയം.
മുത്തുവാരിയും മത്സ്യബന്ധനം നടത്തിയും കടലിനെ ഉപജീവനമാക്കിയ പൂർവികരുടെ ജീവിതം സ്റ്റേഡിയ നിർമിതിയിലേക്ക് പകർത്തിയ ഇവർ പായ് വഞ്ചിയുടെ മാതൃകയിലാണ് അൽ ജനൂബിന് സ്കെച്ചിട്ടത്. നിർമാണം തുടങ്ങി ഏതാനും വർഷങ്ങൾക്കുള്ളിൽ അസുഖബാധിതയായ സഹ 2016 മാർച്ച് 31 അമേരിക്കയിൽ വെച്ച് 65ാം വയസ്സിൽ മരണപ്പെട്ടു.
അവർ വരച്ചിട്ട ഡിസൈൻ വിശ്വവിഖ്യാതമായ സ്റ്റേഡിയമായി തലയുയർന്ന് നിന്നപ്പോഴേക്കും സഹ വിസ്മൃതിയിലായി. എങ്കിലും അവരുടെ ഓർമകളിൽ 2019 അമീർ കപ്പ് ഫൈനൽ മത്സരത്തിന് വേദിയായാണ് അൽ ജനൂബ് കളിപ്രേമികൾക്കായി തുറന്നുനൽകിയത്.
ഇറാഖിലെ ബഗ്ദാദിൽ ജനിച്ച്, ലണ്ടൻ ആസ്ഥാനമായ സഹാ ഹദിദ് ആർകിടെക്ട്സ് എന്ന ആഗോള പ്രശസ്തസ്ഥാപനത്തിന്റെ നായികയായിരുന്നു സഹാ. 1991 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിട നിർമാണങ്ങളുടെ രൂപകൽപനയിൽ സജീവമായി, അത്ഭുതകരമായ ഡിസൈനുകൾകൊണ്ട് അമ്പരപ്പിച്ച വനിത.
അവിശ്വസനീയ രൂപകൽപനയിലൂടെ ലോകപ്രശസ്ത നിർമിതികൾക്ക് ജീവൻ പകർന്ന ഇവരെ 'ക്വീൻ ഓഫ് ദി കർവ്' എന്നായിരുന്നു ദി ഗാർഡിയൻ വിളിച്ചത്. ആർക്കിടെക്ട് ജ്യാമിതിയുടെ പരമ്പരാഗത ചിന്തകളെല്ലാം പൊളിച്ച് പുതിയ മേൽവിലാസം നൽകിയ ഡിസൈനർ എന്നും ലോകം വിളിച്ചു.
ആർക്കിടെക്ടുമാരുടെ നൊബേൽ എന്ന 'പ്രിറ്റ്സ്കർ പ്രൈസ്' നേടിയ ആദ്യ വനിതയുമായിരുന്നു. ബെൽജിയം ആന്റ്‍വർപിൽ നങ്കൂരമിട്ട കപ്പൽപോലെ തലയുയർത്തി നിൽക്കുന്ന പോർട്ട് അതോറിറ്റി ബിൽഡിങ്, അസർബൈജാനിലെ ബാകുവിലെ ഹെയ്ദർ അലിയേവ് സെൻറർ, ഹോങ്കോങ്ങിലെ ഇന്നൊവേഷൻ ടവർ, ലണ്ടൻ അക്വാട്ടിക് സെൻറർ തുടങ്ങി സഹാ ഹാദിദ് എൻജിനീയറിങ് വിസ്മയം തീർത്ത നിർമിതികൾ അവർക്കുശേഷവും തലയെടുപ്പായി ഉയർന്നുനിൽപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.