ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ ലിവർപൂൾ ജയത്തോടെ തുടങ്ങിയ മത്സരത്തിൽ ഗോളടിയുടെ പുതിയ റെക്കോഡിട്ട് സൂപ്പർ താരം മുഹമ്മദ് സലാഹ്. പ്രീമിയർ ലീഗ് സീസണുകളിലെ ആദ്യ മത്സരങ്ങളിലായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനെന്ന റെക്കോഡാണ് സലാഹ് സ്വന്തം പേരിലാക്കിയത്. ഇപ്‌സ്വിചിനെതിരെ 2-0ന് ജയിച്ച മത്സരത്തിൽ രണ്ടാംഗോൾ സലായുടേതായിരുന്നു. ഡിയാഗോ ജോട്ടയാണ് ആദ്യ ഗോൾ നേടിയത്.
ഇന്ന് 65ാം മിനിറ്റിൽ ഗോൾ നേടിയതോടെ പ്രീമിയർ ലീഗ് ആദ്യമത്സരങ്ങളിൽ സലായുടെ ആകെ ഗോൾ നേട്ടം ഒമ്പതായി. എട്ട് ഗോൾ വീതം നേടിയ ഫ്രാങ്ക് ലാംപാർഡ്, വെയ്ൻ റൂണി, അലൻ ഷിയറർ എന്നിവരെയാണ് 32കാരനായ സലാഹ് പിന്നിലാക്കിയത്. ലിവർപൂളിന് വേണ്ടി പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ 2017/18 സീസണിൽ വാട്ഫോർഡിന് എതിരെ ഗോളടിച്ചാണ് സലാഹ് തുടങ്ങിയത്. തുടർന്ന് ഇത് വരെയുള്ള എല്ലാ സീസണിലും ആദ്യ മത്സരത്തിൽ താരം ഗോളോ അസിസ്റ്റോ നേടിയിട്ടുണ്ട്.
ഇപ്‌സ്വിചിനെതിരെ പുതിയ ഡച്ച് പരിശീലകൻ ആർനെ സ്ലോട്ടിനു കീഴിലിറങ്ങിയ ലിവർപൂൾ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. 60ാം മിനിറ്റിൽ സലായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡിയാഗോ ജോട്ടയുടെ ആദ്യ ഗോൾ. അഞ്ചു മിനിറ്റിനുള്ളിൽ സലാഹ് ടീമിന്‍റെ രണ്ടാം ഗോളും നേടി. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ലിവർപൂളിന് തന്നെയായിരുന്നു മേധാവിത്വം. ഇപ്സ്വിച്ച് താരങ്ങളുടെ പല നീക്കങ്ങളും ഗോളിനടുത്തെത്തിയെങ്കിലും ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബക്കറുടെ തകർപ്പൻ സേവുകൾക്ക് മുന്നിൽ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.