മുഹമ്മദ് സലാഹ് ലിവർപൂൾ വിടുന്നു?

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ക്ലബ് വിടാനൊരുങ്ങുന്നു. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം ചോദിച്ച ശമ്പളം നൽകാൻ മാനേജ്‌മെന്റ് തയാറാവാത്തതാണ് ക്ലബ് വിടുന്നതിലേക്കെത്തിച്ചത്. അതിനാൽ അടുത്ത സീസണോടെ 30കാരൻ ആൻഫീൽഡ് വിടും. ടീമിലെ മറ്റൊരു സൂപ്പർ താരം സാദിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയിരുന്നു.

ശമ്പളത്തിൽ വൻ വർധനയാണ് സലാഹ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ, നിലവിലെ സാമ്പത്തികനില തകരാതിരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതിനാൽ താരവുമായുള്ള ചർച്ചകളിൽനിന്ന് പോലും വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം ആഴ്ചയിൽ 1,60,000 യൂറോയാണ്(1.26 കോടിയിലധികം) സലാഹ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുർഗന്‍ ക്ലോപ്പിന് കീഴിൽ മുഹമ്മദ് സലാഹ് അടങ്ങിയ സംഘം ഇംഗ്ലണ്ടിലെ നാല് ആഭ്യന്തര ട്രോഫികളും ചാമ്പ്യൻസ് ലീഗ് കിരീടവും യൂറോപ്യൻ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും സ്വന്തമാക്കിയിരുന്നു. അതേസമയം, പി.എസ്.ജി, റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാർക്ക് സലാഹിൽ താൽപര്യമുണ്ട്. ലിവര്‍പൂളിനായി 254 മത്സരം കളിച്ച താരം 156 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററായിരുന്നു. 2021-22 സീസണിൽ 51 കളികളിൽ 31 ഗോളും 16 അസിസ്റ്റും നേടിയിട്ടുണ്ട്.

അതേസമയം, സലാഹിന് പകരക്കാരനായി റയന്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം മാർകോ അസന്‍സിയോയെ ടീം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. റയലുമായി ഒരു വര്‍ഷത്തെ കരാറാണ് താരത്തിന് അവശേഷിക്കുന്നത്. ഇന്റര്‍ മിലാന്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ വമ്പന്മാരും താരത്തിന് പിറകെയുണ്ട്.

Tags:    
News Summary - Mohamed Salah leaves Liverpool?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.