ഉപ്പക്കും ഉമ്മക്കുമൊപ്പം നിൽക്കുന്ന മുഹമ്മദ് സലാഹ്; ചിത്രങ്ങൾ വൈറൽ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചതോടെ, ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സലാഹ് ലിവർപൂൾ വിടുമെന്ന അഭ്യൂഹം ശക്തമാണ്. സീസണൊടുവില്‍ താരം ക്ലബ് വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലീഗില്‍ 26 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയന്‍റുമായി ആറാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഒന്നാമതുള്ള ആഴ്സണലിന് 28 മത്സരങ്ങളിൽനിന്ന് 69 പോയന്‍റുണ്ട്. ലീഗിൽ എല്ലാ മത്സരങ്ങളും കളിച്ച സലാഹ് 11 ഗോളുകള്‍ നേടുകയും ഏഴ് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 35 മത്സരങ്ങളില്‍ 23 ഗോള്‍ നേടി സലാഹ് തിളങ്ങിയിരുന്നു.

2017-2018, 2018-2019, 2021-22 സീസണുകളില്‍ ഏറ്റവും മികച്ച ഗോള്‍ സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ സലാഹിന് ഈ സീസണില്‍ നിഴൽ മാത്രമായി. ഇതിനിടെ താരത്തെ സ്വന്തമാക്കാനായി പ്രമുഖ ക്ലബുകളെല്ലാം രംഗത്തുണ്ട്. ലിവർപൂളിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം സലാഹ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്.

ഉമ്മക്കും ഉപ്പക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ. താരം തന്നെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. വൈകീട്ട് നാല് മണിയോടെ പങ്കുവെച്ച ചിത്രം ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. ഉമ്മക്കൊപ്പവും ഉപ്പക്കൊപ്പവുമുള്ള വ്യത്യസ്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് ഈ ചിത്രങ്ങളെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ചിത്രത്തോടൊപ്പം ചുവന്ന ഹൃദയത്തിന്‍റെ ഇമോജി മാത്രമാണ് താരം പോസ്റ്റ് ചെയ്തത്.

വീട്ടിലേത് സമാനമായ അന്തരീക്ഷമാണ് ചിത്രത്തിൽ. ട്രാക്ക് സ്യൂട്ടും ടിഷർട്ടുമാണ് സലാഹ് ധരിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണൊടുവിൽ സലാഹ്, പി.എസ്.ജിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആന്‍ഫീല്‍ഡില്‍ തുടരാന്‍ താരം അവസാനം തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Mohamed Salah with his father and mother; Pictures go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.