ദോഹ: എജുകേഷൻ മൈതാനത്ത് തീപ്പൊരി വേഗവുമായി നിറഞ്ഞുകളിച്ചിട്ടും ദക്ഷിണ കൊറിയക്ക് അവസാനം കണ്ണീർ. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അത്യുജ്ജ്വലമായി പൊരുതിക്കയറിയ കൊറിയൻ പടയെ ഘാന തളച്ചിടുകയായിരുന്നു (സ്കോർ 3-2). മുഹമ്മദ് ഖുദുസ് നേടിയ ഇരട്ട ഗോളുകളാണ് ഘാനക്ക് വിലപ്പെട്ട മൂന്നു പോയന്റുകൾ നൽകിയത്. സമനില ഗോളിനായി അവസാന മിനിറ്റുകളിൽ തിരമാല കണക്കേ കൊറിയ അടിച്ചുകയറിയെങ്കിലും ഘാനയുടെ ഗോൾ മുഖം തുളക്കാൻ സാധിച്ചില്ല. ഗ്യാ സൂങ്ങിന്റെ ഇരട്ട ഹെഡർ ഗോളുകളാണ് മത്സരത്തിൽ കൊറിയയെ താങ്ങി നിർത്തിയത്.
ആദ്യ മിനുറ്റുകളിൽ ഗോൾമുഖത്തേക്ക് ഓടിക്കയറിയ കൊറിയൻ മുന്നേറ്റ നിര ഘാനയെ ഉൾക്കിടിലം കൊള്ളിച്ചു. ആദ്യ 20 മിനുറ്റിനുള്ളിൽ തന്നെ ഏഴ് കോർണറുകളാണ് ഘാന വഴങ്ങിയത്. 23ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ഘാനയാണ് ആദ്യം ഗോൾകുറിച്ചത്. പ്രതിരോധ നിര താരം മുഹമ്മദ് സലിസുവിന്റെ വകമായിരുന്നു ഗോൾ. 34ാം മിനിറ്റിൽ ഘാനയെ ആവേശത്തിലാറാടിച്ച് രണ്ടാം ഗോളെത്തി. ജോർഡൻ അയൂ കൊറിയൻ ഗോൾമുഖത്തേക്ക് കൊടുത്ത ഉജ്ജ്വല ക്രോസിന് കൃത്യസമയത്ത് ചാടിയുയർന്ന മുഹമ്മദ് ഖുദുസിന്റെ തലയിൽ തട്ടി പന്ത് വലതുളച്ചു (2-0).
രണ്ടാം പകുതിയുടെ 56ാം മിനിറ്റിൽ കോം ചാങ് ഹൂന് പകരക്കാരനായി ലീ കാങ്ങിനെ കൊറിയൻ കോച്ച് പൗളോ ബെന്റോ മൈതാനത്തേക്ക് വിളിച്ചു. കോച്ചിന്റെ പ്രതീക്ഷ ലീ കാങ് കാത്തു. 58ാം മിനിറ്റിൽ ലീ കാങ് കൊടുത്ത പന്ത് ഗ്യാ സൂങ് തലകൊണ്ട് ഘാനവലയിലേക്ക് തൊടുത്തപ്പോൾ നോക്കി നിൽക്കാനേ ഘാന ഗോൾ കീപ്പർ ലോറൻസിനായുള്ളൂ. ഗോളിന്റെ വീര്യത്തിൽ നിറഞ്ഞുകളിച്ച കൊറിയ മൂന്നുമിനിറ്റിന് ശേഷം കൊടുങ്കാറ്റായി അലയടിച്ചുയർന്നു. ടച്ച് ലൈനിന് തൊട്ടുടത്ത് നിന്നും ജിൻ സൂ ഉയർത്തി നൽകിയ പന്തിനെ ഉജ്ജ്വലമായി ഹെഡർ ചെയ്ത ഗ്യാ സൂങ് ഒരിക്കൽ കൂടി കൊറിയയെ സ്വപ്നലോകത്തെത്തിച്ചു. ഗാലറിയിലെ കൊറിയൻ ആരാധകർ ഉന്മാദത്തോളമെത്തിയ നിമിഷങ്ങളായിരുന്നു അത്.
വിജയഗോളിനായി കൊറിയ പറന്നുകളിക്കവേയാണ് ഘാനക്കായി 68ാം മിനിറ്റിൽ ഖുദുസ് ഒരിക്കൽ കൂടി അവതരിച്ചത്. കൊറിയൻ ഗോൾമുഖത്തേക്ക് ഇടതുഭാഗത്തുനിന്നും ഒഴുകിയെത്തിയ പന്ത് ഇനാകി വില്യംസ് മിസ് ചെയ്തെങ്കിലും തക്കം പാർത്തുനിന്ന ഖുദുസ് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു. മിനിറ്റുകളുടെ ഇടവേളക്ക് ശേഷം ഘാന വീണ്ടും മുന്നിൽ (3-2). സമനില ഗോളിനായി കൊറിയ ആഞ്ഞുകളിച്ചെങ്കിലും ഗോൾ അകന്നുനിന്നതോടെ ഘാനക്ക് ആദ്യ വിജയം. ഗ്രൂപ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ കരുത്തരായ പോർചുഗലാണ് കൊറിയയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.