കൊൽക്കത്ത: രണ്ടുവട്ടം പിറകിൽ നിന്നിട്ടും തോൽക്കാൻ മനസ്സില്ലാതെ ആവേശ ജയത്തിലേക്ക് ഗോളടിച്ചുകയറി മോഹൻ ബഗാൻ. നോർത്ത് ഈസ്റ്റിനെതിരായ ഐ.എസ്.എൽ പോരാട്ടത്തിലാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടീം ആധികാരിക ജയം പിടിച്ചത്.
സീസണിലെ ആദ്യജയം പിടിക്കുകയെന്ന മോഹവുമായാണ് സ്വന്തം കളിമുറ്റത്ത് കൊൽക്കത്തക്കാർ ഇറങ്ങിയതെങ്കിലും ടച്ചുചെയ്ത ആദ്യ നിമിഷം മുതൽ ഹൈലാൻഡേഴ്സ് കുതിപ്പാണ് മൈതാനത്ത് കണ്ടത്. അവർ തന്നെ ആദ്യം ഗോൾ നേടുകയും ചെയ്തു. അഞ്ചാം മിനിറ്റിൽ മൊറോക്കൻ താരം അലാഉദ്ദീൻ അജാരി നൽകിയ ക്രോസ് നാട്ടുകാരനായ ബിമാമർ വലയിലെത്തിക്കുകയായിരുന്നു. ലീഡ് പിടിച്ച നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് മോഹൻ ബഗാൻ ഒപ്പം പിടിച്ചു. പെട്രാറ്റോസിന്റെ ഫ്രീകിക്കിന് തലവെച്ച് ദിപ്പെന്തുവായിരുന്നു സ്കോറർ.
ഗോൾ തേടി ഇരു ടീമും ഉണർന്നു കളിച്ചതോടെ എവിടെയും വല കുലുങ്ങുമെന്നതായി സ്ഥിതി. 24ാം മിനിറ്റിൽ അജാരിയൂടെ മനോഹര ഷോട്ടിൽ നോർത്ത് ഈസ്റ്റ് ലീഡ് പിടിച്ചു. തിരിച്ചടിക്കാൻ ഓടിനടന്ന ബഗാൻ 61ാം മിനിറ്റിൽ സമനില പിടിച്ചു. നോർത്ത് ഈസ്റ്റ് ഗോൾകീപർ ഗുർമീത് പിടിയിലൊതുക്കിയെന്ന കരുതിയ പന്ത് സുഭാഷിഷ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കളി പൂർണമായി വരുതിയിലാക്കിയ ബഗാൻ 87ാം മിനിറ്റിൽ വിജയ ഗോളും നേടി. സഹൽ നൽകിയ പാസിൽ കമ്മിങ്സ് ആയിരുന്നു സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.