അഡലെയ്ഡ്: വനിത ലോകകപ്പിൽ കന്നി വിജയം കുറിച്ച് മൊറോക്കോ പെൺകൊടികൾ ചരിത്രമേറിയ ദിനത്തിൽ മൈതാനത്ത് ആദ്യ വിസിൽ മുഴങ്ങുമ്പോൾതന്നെ നവചരിത്രം തീർത്ത് ഒരാളുണ്ടായിരുന്നു. ഹിജാബണിഞ്ഞ് ലോക സോക്കറിൽ ബൂട്ടുകെട്ടുന്ന താരമെന്ന അത്യപൂർവ റെക്കോഡാണ് നുഹൈല ബെൻസീന എന്ന 25കാരി തന്റെ പേരിലാക്കിയത്.
ആഫ്രിക്കൻ കറുത്ത കുതിരകളായ മൊറോക്കോയുടെ പ്രതിരോധം കാത്ത് മികച്ച കളി കെട്ടഴിച്ച താരം ഗോളെന്നുറച്ച ഒരു ഷോട്ട് പായിച്ചെങ്കിലും ക്രോസ്ബാറിനു മുകളിലൂടെ പറന്നത് നിർഭാഗ്യമായി. റാങ്കിങ്ങിൽ 55 പദവി മുന്നിൽനിന്ന ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ ആധികാരികമായ പ്രകടനമായിരുന്നു മൊറോക്കോ നിരയുടേത്. പിന്നിൽ ബെൻസീന കൂടി അണിനിരന്നതോടെ പ്രതിരോധം കരുത്തുകാട്ടിയത് എതിരാളികൾക്ക് അവസരം ഇല്ലാതാക്കുകയും ചെയ്തു.
കഴിഞ്ഞ കളിയിൽ ജർമനിയോട് എതിരില്ലാത്ത അരഡസൻ ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ തോൽവി. ഇത്തിരിക്കുഞ്ഞന്മാരെന്നു കണ്ട് ടീമിനെ നിസ്സാരമാക്കിയ കൊറിയക്കാർ പക്ഷേ, അവസാന വിസിൽ മുഴങ്ങുമ്പോൾ ഒറ്റ ഗോളിന് തോൽവി സമ്മതിച്ചു. ഇതോടെ, ആഫ്രിക്കൻ ടീം നോക്കൗട്ട് യോഗ്യത പ്രതീക്ഷ ശക്തമാക്കി. ആദ്യമായാണ് ഒരു അറബ് ആഫ്രിക്കൻ രാജ്യം വനിത ലോകകപ്പ് കളിക്കുന്നത്. ഇബ്തിസാം ജിഹാദിയായിരുന്നു ടീമിനെ ജയിപ്പിച്ച ഗോൾ നേടിയത്. ഗ്രൂപ് എച്ചിൽ കൊളംബിയയാണ് മൊറോക്കോക്ക് അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.