നാച്ചോയും ബെൻസെമയും വീണ്ടും ഒന്നിക്കുന്നു; റയൽ ക്യാപ്റ്റന് വലവിരിച്ച് അൽ ഇത്തിഹാദ്

മാഡ്രിഡ്: റയൽ മാഡ്രിഡ് വിടാനൊരുങ്ങുന്ന നായകൻ നാച്ചോ ഫെർണാണ്ടസിന്റെ പുതിയ തട്ടകം സൗദിയെന്ന് റിപ്പോർട്ടുകൾ. സൗദി പ്രൊ ലീഗ് ക്ലബായ അൽ ഇത്തിഹാദ് വൻ ഓഫറാണ് താരത്തിന് മുന്നിൽ വെച്ചത്. ഇത്തിഹാദ് ഓഫർ സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

23 വർഷത്തെ റയൽ ജീവിതം അവസാനിപ്പിക്കാൻ നാച്ചോ നേരത്തെ തീരുമാനിച്ചിരുന്നു. ജൂൺ 30 വരെ കരാറുള്ള നാച്ചോ പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ റയൽ അല്ലാതെ യൂറോപ്പിൽ മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കില്ലെന്നാണ് താരത്തിന്റെ തീരുമാനം. 


34 കാരനായ സ്പാനിഷ് ഡിഫൻഡർ നാച്ചോ തന്റെ മുൻ സഹതാരം കരിം ബെൻസെമയ്‌ക്കൊപ്പം അൽ ഇത്തിഹാദിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉണ്ടായിരുന്നു.

ഏകദേശം 20 ദശലക്ഷം യൂറോ വാർഷിക ശമ്പളത്തിൽ രണ്ടു വർഷത്തെ കരാറാണ് ഇത്തിഹാദ് മുന്നോട്ടുവെക്കുന്നത്. സൗദി അറേബ്യയുടെ അനുകൂലമായ നികുതി വ്യവസ്ഥകൾ സാമ്പത്തിക നേട്ടങ്ങൾ ഏറെയാണ് എന്നുള്ളതാണ് യുറോപ്യൻ താരങ്ങളെ സൗദിയോട് അടുപ്പിക്കുന്നത്.   


2011ലാണ് റയൽ മാഡ്രിഡ് സീനിയർ ടീമിൽ  നാച്ചോ ഫെർണാണ്ടസ് അരങ്ങേറ്റം കുറിക്കുന്നത്. റയലിനായി 363 മത്സരങ്ങൾ ബൂട്ടണിഞ്ഞ താരം 16 ഗോളുകളും 10  അസിസ്റ്റും ചെയ്തിട്ടുണ്ട്. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടവും നാല് ലാലിഗ കിരീടങ്ങളും ഉൾപ്പെടെ 26 കിരീടമാണ് നാച്ചോ റയലിൽ കരിയറിൽ നേടിയത്. 


Tags:    
News Summary - Nacho on the Verge of Moving to Saudi Arabia: Two-Year Deal with Al Ittihad Alongside Benzema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.