ബാഴ്സലോണ: ആധുനിക ഫുട്ബാളിലെ ബദ്ധവൈരികൾ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. വേണ്ടിവന്നാൽ അവരുടെ പേരിൽ അടികൂടാനും ചാകാനും പോലും ആരാധകർക്ക് മടിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ആരാധകരുടെ കാര്യമാണ് പറയുന്നത്. എന്നാൽ, ദീർഘകാലത്തിനു ശേഷം ഇരുവരും കളിക്കളത്തിൽ പോർമുഖങ്ങളിൽ നേർക്കുനേർ കാണുമ്പോൾ റൊണാൾഡോക്ക് പറയാനുള്ളത് തങ്ങൾക്കിടയിലെ ശത്രുതയെക്കുറിച്ചല്ല, സൗഹൃദത്തെക്കുറിച്ചാണ്.
'മെസ്സിയെ ഒരിക്കലും എതിരാളിയായല്ല ഞാൻ കണ്ടത്. എപ്പോഴും ഞങ്ങൾക്കിടയിൽ ഊഷ്മളമായ ബന്ധമായിരുന്നു. ആരാധകർ ആവേശം നിലനിർത്താനായി ഞങ്ങളെ ശത്രുക്കളായാണ് കാണുന്നത്. തെൻറ ടീമിനായി സർവം സമർപ്പിക്കുന്ന കളിക്കാരനാണ് മെസ്സി. ഞാനും അങ്ങനെതന്നെയാണ്. അദ്ദേഹത്തിനൊപ്പം എനിക്കും അംഗീകാരങ്ങൾ ലഭിച്ചത് സന്തോഷമാണ്. എന്നെക്കുറിച്ച് നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചാലും ഇതുതന്നെയായിരിക്കും മറുപടി എന്ന് എനിക്കുറപ്പുണ്ട്...' യുവേഫ ചാമ്പ്യൻസ് ലീഗിലെ ജി ഗ്രൂപ്പിൽ മെസ്സിയുടെ ബാഴ്സലോണയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് യുവൻറസ് തോൽപിച്ച മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു റൊണാൾഡോ.
2018 ൽ ബാഴ്സയുടെ കടുത്ത എതിരാളികളായ റയൽ മഡ്രിഡ് വിട്ട് ഇറ്റാലിയൻ ടീമായ യുവൻറസിൽ ചേക്കേറിയ ശേഷം റൊണാൾഡോയും മെസ്സിയും കളിക്കളത്തിൽ മുഖാമുഖം നിൽക്കുന്നത് ഇതാദ്യമായിരുന്നു. ആ പോരാട്ടത്തിൽ മെസ്സിയുടെ ടീമിനെ തോൽപിച്ചെങ്കിലും അദ്ദേഹത്തോടുള്ള മതിപ്പ് ക്രിസ്റ്റ്യാനോ മറച്ചുവെക്കുന്നില്ല.
'ബാഴ്സക്കിത് കടുപ്പമേറിയ ഘട്ടമാണ്. പക്ഷേ, അവർ ബാഴ്സയാണെന്നോർക്കണം. പ്രതിസന്ധിയിൽനിന്ന് അവർ പുറത്തുവരുകതന്നെ ചെയ്യും. ഇപ്പോഴും അവർ മികച്ച ടീമാണ്.' ^ക്രിസ്റ്റ്യാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.