ലണ്ടൻ/മഡ്രിഡ്/റോം/പാരിസ്: ഫുട്ബാൾ ലീഗ് 2021-22 സീസൺ അവസാനിച്ചു. യൂറോപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും സ്പാനിഷ് ലാ ലിഗയുടെയും ഫ്രഞ്ച് ലീഗ് 1ന്റെയും ഇറ്റാലിയൻ സീരി എയുടെയും പുതിയ സീസൺ ആഗസ്റ്റിൽ ആരംഭിക്കും. രണ്ടാം ഡിവിഷനിൽനിന്ന് ആരൊക്കെ ഒന്നാം ഡിവിഷനിലേക്ക് കയറുമെന്ന കാര്യത്തിൽ പ്ലേ ഓഫ് മത്സരങ്ങളും കഴിഞ്ഞതോടെ തീരുമാനമായി. പ്രീമിയർ ലീഗ്, ലാ ലിഗ, ലീഗ് 1, സീരി എ 2022-23 സീസണുകളിലേക്ക് പ്രവേശനം ലഭിച്ചവർ ഇവരൊക്കെയാണ്.
23 വർഷത്തെ കാത്തിരിപ്പിനുശേഷം നോട്ടിങ്ഹാം ഫോറസ്റ്റിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം. രണ്ടാം ഡിവിഷനായ ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിന്റെ പ്ലേ ഓഫ് ഫൈനലിൽ ഹഡേഴ്സ് ഫീൽഡിനെ ഏക ഗോളിന് തോൽപിച്ചതോടെയാണ് 1999നു ശേഷം ഇതാദ്യമായി നോട്ടിങ്ഹാം ഫോറസ്റ്റിന് പ്രീമിയർ ലീഗ് ടിക്കറ്റ് ലഭിക്കുന്നത്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഹഡേഴ്സ് ഫീൽഡ് ഡിഫൻഡർ ലെവി കോൾവില്ലിന്റെ സെൽഫ് ഗോൾ അനുഗ്രഹമാവുകയായിരുന്നു. രണ്ടു തവണ യൂറോപ്യൻ കപ്പ് നേടിയ ടീമാണ് നോട്ടിങ്ഹാം ഫോറസ്റ്റ്. ഇക്കുറി ചാമ്പ്യൻഷിപ്പിലെ ആദ്യ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്നു ടീം. കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റീവ് കൂപ്പർ പരിശീലകനായെത്തിയതിനുശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് വിജയവഴിയിലായി. ചാമ്പ്യൻഷിപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ഫുൾഹാമും ബൂണെമൗത്തും പ്രീമിയർ ലീഗിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ജേതാക്കളായ 2021-22 സീസണിൽ അവസാനസ്ഥാനക്കാരായി നോർവിച് സിറ്റി, വാറ്റ്ഫോർഡ്, ബേൺലി ടീമുകൾ ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു.
ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള റയൽ വയ്യഡോളിഡ് സ്പാനിഷ് ലാ ലിഗയുടെ ഒന്നാം ഡിവിഷനിൽ തിരിച്ചെത്തി. രണ്ടാം ഡിവിഷനിലെ മത്സരത്തിൽ ഹ്യൂസ്കയെ 3-0ത്തിന് തോൽപിച്ചാണ് നാലു വർഷത്തെ ഇടവേളക്ക് ശേഷം ക്ലബിന്റെ ലാ ലീഗ പ്രവേശനം. രണ്ടാം ഡിവിഷനിൽ നേരിട്ട് രണ്ട് ക്ലബുകളും പ്ലേ ഓഫ് വഴി ഒരു ടീമുമാണെത്തുക. 42 മത്സരങ്ങളിൽ അൽമേരിയക്കും വയ്യഡോളിഡിനും 81 പോയന്റ് വീതമാണുള്ളത്. ഗോൾവ്യത്യാസത്തിൽ ഒന്നാം സ്ഥാനക്കാരായ അൽമേരിയക്ക് പിന്നിൽ രണ്ടാമതായാണ് റൊണാൾഡോയുടെ ടീമിന് എൻട്രി. മൂന്നു മുതൽ ആറു വരെ സ്ഥാനത്തുള്ള യഥാക്രമം എയ്ബർ, ലാസ് പൽമാസ്, ടെനേറിഫ്, ജിറോണ എന്നിവർ പ്ലേ ഓഫിൽ പ്രവേശിച്ചു. ഇവർ തമ്മിൽ കളിച്ച് ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീം മൂന്നാമതായി ലാ ലിഗ ബെർത്ത് സ്വന്തമാക്കും. അവിശ്വസനീയമായി തോന്നുന്നുവെന്നും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും റൊണാൾഡോ പ്രതികരിച്ചു. റയൽ മഡ്രിഡ് ജേതാക്കളായ 2021-22 സീസണിൽ അവസാന സ്ഥാനക്കാരായി ഗ്രനാഡ, ലെവന്റെ, അലാവ്സ് ക്ലബുകൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോനിയുടെ ക്ലബായ എ.സി. മോൺസ അതിന്റെ 110 വർഷം തികയുന്ന ചരിത്രത്തിലാദ്യമായി ഇറ്റാലിയൻ സീരി എയിൽ കളിക്കാൻ യോഗ്യത നേടി. പ്ലേ ഓഫ് ജയിച്ച് മൂന്നാമതായാണ് പ്രവേശനം. ഒന്നും രണ്ടും സ്ഥാനക്കാരായി ലെയ്ഷെയും ക്രെമോണിസും നേരത്തേ ഒന്നാം ഡിവിഷനിൽ കടന്നിരുന്നു. സീരി ബി പ്ലേഓഫിൽ പിസയെ തോൽപിച്ചാണ് മോൺസ എയിലേക്കെത്തിയത്. പിസ നാലാം സ്ഥാനക്കാരായി. 2018ലാണ് ബെർലുസ്കോനി ക്ലബ് വാങ്ങുന്നത്. എ.സി മിലാൻ ജേതാക്കളായ 2021-22 സീസണിൽ അവസാന സ്ഥാനക്കാരായി കാഗ് ലിയാരി, ജെനോവ, വെനേസിയ ക്ലബുകൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
പത്തു തവണ ഫ്രഞ്ച് ചാമ്പ്യന്മാരായ സെൻറ്-എറ്റീനെ നീണ്ട ഇടവേളക്കുശേഷം ലീഗ് 1ൽ നിന്ന് ലീഗ് 2ലേക്ക് തരംതാഴ്ത്തപ്പെട്ടു. ലീഗ് 1 ടേബിളിൽ ഇക്കുറി 18ാം സ്ഥാനക്കാരായിരുന്നു എറ്റീനെ. പ്ലേ ഓഫിൽ ജയിച്ചാൽ മാത്രമേ നിലനിൽക്കാൻ കഴിയുമായിരുന്നുള്ളൂ. ലീഗ് 2ൽനിന്ന് പ്ലേ ഓഫിലെത്തിയ ഓക്സീറെയുമായി നടന്ന രണ്ട് പാദ മത്സരങ്ങളും 1-1ന് സമനിലയിൽ കലാശിച്ചു.
ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് പ്ലേ ഓഫ് ജേതാക്കളെ നിശ്ചയിച്ചത്. 5-4 ജയത്തോടെ ഓക്സീറെ ലീഗ് 1ലേക്ക് യോഗ്യത നേടുകയായിരുന്നു. തോൽവിയിലും തരംതാഴ്ത്തപ്പെടലിലും രോഷാകുലരായ സെൻറ്-എറ്റീനെ ആരാധകർ രണ്ടാം പാദ മത്സരം നടന്ന ജെഫ്രോയ് ഗിച്ചാർഡ് സ്റ്റേഡിയം കൈയേറി. ടൂലൂസും അജാസിയോയുമാണ് ലീഗ് 2ൽനിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായി ലീഗ് 1 ലേക്ക് കയറിയത്. മൂന്നാമത്തെ ടീമായി ഓക്സീറെയുമെത്തി. പി.എസ്.ജി ജേതാക്കളായ 2021-22 സീസണിൽ അവസാന സ്ഥാനക്കാരായി ബോർഡിയോക്സ്, മെറ്റ്സ് ക്ലബുകളും രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.