ലിവർപൂളിനെ സമനിലയിൽ പൂട്ടി ന്യൂകാസിൽ (3-3); സതാംപ്റ്റൺ വല നിറച്ച് ചെൽസി (5-1)

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ മുന്നേറ്റം തുടരുന്ന ലിവർപൂളിനെ പിടിച്ചു കെട്ടി ന്യൂകാസിൽ യുനൈറ്റഡ്. 3-3നാണ് ചെമ്പടയെ സമനിലയിൽ പൂട്ടിയത്.

ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജയിംസ് പാർക്കിൽ നടന്ന പോരാട്ടത്തിൽ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ലിവർപൂളിനായി ഇരട്ടഗോൾ നേടി. കുർട്ടിസ് ജോൺസാണ് ലിവർപൂളിന്റെ മറ്റൊരു ഗോൾ നേടിയത്. അലക്സാണ്ടർ ഇസാക്ക്, ആന്റണി ജോർഡൻ, ഫാബിയൻ സ്കാർ എന്നിവരാണ് ന്യൂകാസിലിനായി വലകുലുക്കിയത്.

35ാം മിനിറ്റിൽ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിന്റെ ഗോളിലൂടെ ന്യൂകാസിലാണ് ആദ്യം ലീഡെടുക്കുന്നത്. ആദ്യ പകുതിയിൽ ഗോളുറച്ച നിരവധി അവസരങ്ങൾ ഇരുടീമിന് മുന്നിലും തുറന്നെങ്കിലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. രണ്ടാം പകുതിയിൽ 50 മിനിറ്റിൽ കുർട്ടിസ് ജോൺസാണ് ലിവർപൂളിനെ ഒപ്പമെത്തിക്കുന്നത് (1-1). 62ാം മിനിറ്റിൽ ആന്റണി ജോർഡൻ ന്യൂസിലിനെ വീണ്ടും മുന്നിലെത്തിച്ചു(2-1). ആറുമിനിറ്റിനകം ലിവർപൂൾ വീണ്ടും ഒപ്പമെത്തി.

68ാം മിനിറ്റിൽ മുഹമ്മദ് സലാഹാണ് ഗോൾ നേടിയത്. 83ാം മിനിറ്റിൽ സലാഹ് വീണ്ടും ന്യൂകാസിൽ വലയിലേക്ക് നിറയൊഴിച്ചതോടെ ലിവർപൂൾ ആദ്യമായി ലീഡെടുത്തു. എന്നാൽ അന്തിമ വിസിലിന് തൊട്ടുമുൻപ് 90ാം മിനിറ്റിൽ പ്രതിരോധ താരം ഫാബിയൻ സ്കാറിന്റെ ഗോളിലുടെ (3-3) ന്യൂകാസിൽ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ സതാംപറ്റണെ ചെൽസി ഗോളിൽ (5-1) മുക്കി.  7,17,34,76,87 മിനിറ്റുകളിൽ അക്സൽ ഡിസാസി, ക്രിസ്റ്റഫർ എങ്കുങ്കു, നോനി മാഡുവേക്കെ, കോൾ പാൽമർ, ജാഡോൺ സാഞ്ചോ എന്നിവരാണ് യഥാത്രമം ഗോൾ നേടിയത്. 11ാം മിനിറ്റിൽ ജോ അറിബോയാണ് സതാംപറ്റണിന്റെ ആശ്വാസ ഗോൾ നേടിയത്.

എവർട്ടൻ എതിരില്ലാത്ത നാലു ഗോളിന് വോൾവ്സിനെ തകർത്തു. ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രെൻഡ്ഫോർഡിനെ കീഴടക്കി. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സനൽ കീഴടക്കി. പ്രീമിയർ ലീഗിൽ 14 മത്സരങ്ങൾ പൂർത്തിയായപ്പോൾ 35 പോയിന്റുമായി ലിവർപൂൾ തന്നെയാണ് മുന്നിൽ 28 പോയിന്റുമായി ചെൽസിയും ആഴ്സനലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.  

Tags:    
News Summary - Newcastle draw with Liverpool (3-3); Chelsea crush Southampton (5-1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.