ഇംഗ്ലണ്ടിൽ നടക്കുന്ന പ്രീമിയർ ലീഗിന്റെ നെക്സ്റ്റ് ജനറേഷൻ കപ്പ് ഫുട്ബാൾ സെമിയിൽ ടോട്ടനം ഹോട്സ്പുർ യൂത്ത് ടീമിനോട് ദയനീയ തോൽവിയേറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് യുവനിര. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.
ഏകപക്ഷീയമായ മത്സരത്തിൽ എല്ലാ മേഖലയിലും മികച്ചുനിന്ന ടോട്ടനം യുവനിരയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നന്നായി വിയർത്തു. എങ്കിലും ആശ്വാസ ഗോളിനായി ടീമൊന്നാകെ കിണഞ്ഞുപരിശ്രമിക്കുകയും പലപ്പോഴായി സ്കോറിങ്ങിന് അടുത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ശ്രമങ്ങളും ലക്ഷ്യസ്ഥാനം തൊട്ടില്ല.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി പലപ്പോഴായി ടോട്ടനം ആക്രമണം നടത്തുന്ന കാഴ്ചയായിരുന്നു. ടോട്ടനത്തിന് വേണ്ടി വില്യം ഹാട്രിക് നേടി.
എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നത്. ക്രിസ്റ്റൽ പാലസ്, ടോട്ടനം, വെസ്റ്റ്ഹാം ടീമുകളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ഗ്രൂപ്പ് ബിയിൽ. ഗ്രൂപ്പിൽ മൂന്നാം സ്ഥാനം തീരുമാനിക്കാൻ കെബിഎഫ്‌സി അടുത്തതായി ക്രിസ്റ്റൽ പാലസുമായി കളിക്കും.
ബാംഗ്ലൂർ എഫ്.സി മത്സരിക്കുന്ന ഗ്രൂപ്പ് എയിൽ ലെസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെല്ലർബോഷ് (ദക്ഷിണാഫ്രിക്ക) ടീമുകളുമാണ് കളിക്കുന്നത്. ഐ.എസ്.എൽ ഡെവലപ്പ്മെന്‍റ് ലീഗിൽ ആദ്യ രണ്ടുസ്ഥാനങ്ങൾ നേടിയ ടീമുകളാണ് നെക്സ്റ്റ് ജനറേഷൻ കപ്പിന് യോഗ്യത നേടിയത്. ബാംഗ്ലൂർ എഫ്.സി ജേതാക്കളും കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനക്കാരുമാണ്. സച്ചിൻ സുരേഷ് ഉൾപ്പടെ മലയാളി താരങ്ങൾ നിറഞ്ഞതാണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.