ജിദ്ദ: അറേബ്യൻ മണ്ണിൽ ബ്രസീൽ സുൽത്താന്റെ അരങ്ങേറ്റം കാണാൻ നീല ജഴ്സിയണിഞ്ഞ് ഒഴുകിയെത്തിത് പതിനായിരങ്ങളായിരുന്നു. എന്നാൽ, െപ്ലയിങ് ഇലവനിൽ ഇല്ലെന്നറിഞ്ഞപ്പോൾ ഗാലറിയിലുണ്ടായ നിരാശ ആദ്യ പകുതി കഴിഞ്ഞപ്പോൾ അത്യാവേശത്തിലേക്ക് വഴിമാറി. അവർ പ്രതീക്ഷിച്ചെത്തിയ സൂപ്പർ താരം 64ാം മിനിറ്റിൽ ഗ്രൗണ്ടിലെത്തിയപ്പോൾ സ്റ്റേഡിയം അക്ഷരാർഥത്തിൽ ആവേശത്തിന്റെ അലകടലായി. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ എന്ന് കുറിച്ച നെയ്മറിന്റെ കൂറ്റൻ ഫ്ലക്സ് ഉയർത്തിയാണ് കാണികൾ താരത്തെ വരവേറ്റത്.
സൗദി പ്രോ ലീഗിൽ തങ്ങളുടെ സൂപ്പർ താരത്തെ അവതരിപ്പിച്ച മത്സരത്തിൽ അൽ ഹിലാൽ അൽ റിയാദിനെ തകർത്തുവിട്ടത് ഒന്നിനെതിരെ ആറ് ഗോളിനാണ്. മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും മനോഹര നീക്കങ്ങളിലൂടെ കാണികളെ ത്രസിപ്പിക്കാനും അസിസ്റ്റ് നൽകാനും നെയ്മറിനായി.
മത്സരത്തിലെ ആദ്യ ഗോൾ പിറക്കാൻ 30ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അൽ ഹിലാലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലക്സാണ്ടർ മിത്രോവിച്ച് ആണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ യാസർ അൽ ഷെഹ്റാനി ലീഡ് ഇരട്ടിയാക്കി. 64ാം മിനിറ്റിൽ നെയ്മർ കൂടി എത്തിയതോടെ അൽ ഹിലാലിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. 68ാം മിനിറ്റിൽ നാസർ അൽ ദവാസാരിയും 83ാം മിനിറ്റിൽ നെയ്മറിന്റെ അസിസ്റ്റിൽ മാൽക്കമും എതിർ വല കുലുക്കിയതോടെ ലീഡ് നാലായി.
87ാം മിനിറ്റിൽ അൽ ഹിലാലിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചപ്പോൾ നെയ്മർ കിക്കെടുക്കാനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും എത്തിയത് സലിം അൽ ദവാസാരി ആയിരുന്നു. താരം പിഴവില്ലാതെ അത് ഗോളാക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ ആറാം മിനിറ്റിൽ ഗോൾ നേടാൻ നെയ്മറിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് എതിർ ഗോളി തട്ടിത്തെറിപ്പിച്ചു. ഇത് നേരെയെത്തിയത് ദവാസാരിയുടെ കാലിലേക്കായിരുന്നു. പന്ത് വലയിലേക്ക് തട്ടിയിട്ട് താരം രണ്ടാം ഗോളും സ്വന്തമാക്കിയതോടെ ആറ് ഗോൾ ലീഡായി. ഒരു മിനിറ്റിന് ശേഷം അലി അൽ സഖാൻ അൽ റിയാദിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയന്റോടെ അൽ ഹിലാൽ ലീഗിൽ ഒന്നാമതാണ്. ഇത്രയും കളികളിൽ 15 പോയന്റുള്ള അൽ ഇത്തിഹാദാണ് രണ്ടാമത്. അതേസമയം, നാല് പോയന്റ് മാത്രമുള്ള അൽ റിയാദ് പതിനഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.