നെയ്മറുടെ പരിക്ക് ഗുരുതരം; കണങ്കാൽ ലിഗമെന്റിന് ക്ഷതം

രണ്ടാഴ്ച കഴിഞ്ഞ് ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് രണ്ടാം പാദ മത്സരം നടക്കാനിരിക്കെ സൂപർ താരം നെയ്മറുടെ പരിക്ക് പി.എസ്.ജിയെ വലക്കുന്നു. ലീഗ് വണ്ണിൽ ലിലെക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലിലെ താരം ബെഞ്ചമിൻ ആന്ദ്രെ നടത്തിയ ടാക്ലിങ്ങിലാണ് 31കാരൻ മൈതാനത്ത് വീണത്. കണങ്കാലിലാണ് പരിക്കെന്നും ലിഗമെന്റിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കൽ സംഘം പറയുന്നു. അടുത്തയാഴ്ച വീണ്ടും പരിശോധന നടത്തിയ ശേഷമാകും എന്ന് തിരിച്ചെത്തുമെന്ന് തീരുമാനിക്കുക. മുമ്പും താരത്തെ കുഴക്കിയ വലതു കണങ്കാലിനാണ് ഇത്തവണയും പരിക്ക്. 2018, 2019, 2021 വർഷങ്ങളിൽ പരിക്ക് കാരണം മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ് തുടങ്ങിയ വമ്പന്മാർക്കെതിരെ ഇറങ്ങിയിരുന്നില്ല. ഖത്തർ ലോകകപ്പിലും പരിക്കു മുലം ഒന്നിലേറെ കളികളിൽ വിട്ടുനിന്നു. മുൻനിര കരുത്തരാകുമ്പോഴും പ്രതിരോധവും മധ്യനിരയും വേണ്ടത്ര ശോഭിക്കാത്തതാണ് പി.എസ്.ജിയുടെ ഏറ്റവും വലിയ വെല്ലുവിളി. നെയ്മറുടെ അഭാവം കൂടിയാകുമ്പോൾ ടീമിന്റെ ഭാവി തുലാസിലാകും.

പാരിസിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് പി.എസ്.ജി ഒരു ഗോൾ തോൽവി വഴങ്ങിയിരുന്നു. ബുണ്ടസ് ലിഗ ചാമ്പ്യൻമാരെ അവരുടെ തട്ടകത്തിൽ വീഴ്ത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ടീമിനു മുന്നിൽ.

നെയ്മർ സീസണിൽ പി.എസ്.ജിക്കായി ഇതുവരെ 18 ഗോളും 17 അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സീസണിൽ രണ്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് സമ്പാദ്യം. 

Tags:    
News Summary - Neymar: Paris St-Germain say Brazil forward has suffered ankle ligament damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.