ന്യുയോർക്ക്: തനിക്കെതിരെ പ്രമുഖ കായിക ഉൽപന്ന നിർമാതാക്കളായ നൈക്കി നടത്തിയ ലൈഗിംകാരോപണം അസംബന്ധമെന്ന് ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ. നെയ്മറുമായുള്ള 15 വർഷമായുള്ള കരാർ ഒഴിവാക്കിയതിെൻറ കാരണം വെളിപ്പെടുത്തി നൈക്കി ഈയിടെ രംഗത്തെത്തിയിരുന്നു. നെയ്മർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയുമായുള്ള അന്വേഷണത്തിൽ സഹകരിക്കാത്തതിനാലാണ് കരാർ റദ്ദാക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇതിന് മറുപടി നൽകിയിരിക്കുന്നത്. 'ലൈംഗിക പീഡന പരാതിയുമായുള്ള അന്വേഷണത്തിൽ സഹകരിക്കാത്തതിനാലാണ് കരാർ റദ്ദാക്കുന്നതെന്ന കമ്പനിയുടെ വാദം അസംബന്ധജടിലമായ നുണയാണ്. എന്‍റെ ഭാഗം വിശദീകരിക്കാൻ അവർ എനിക്കൊരു അവസരം പോലും തന്നില്ല'- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'എന്നെക്കുറിച്ച് ആരോപണം ഉന്നയിച്ച വ്യക്തി ആരാണെന്ന് അറിയാനുള്ള അവസരം ലഭിച്ചില്ല. അങ്ങനെയൊരു സ്ത്രീയെ എനിക്ക് അറിയുക പോലുമില്ല. ഇത്തരത്തിൽ ഒരു ബന്ധമോ സംഭവമോ ഉണ്ടായിട്ടില്ല'- നെയ്മർ പറഞ്ഞു. 2020ൽ കരാർ റദ്ദാക്കുമ്പോൾ എന്താണ് കാരണമെന്ന് തന്നെ കന്നി അറിയിച്ചിട്ടില്ലെന്നും നെയ്മർ പറഞ്ഞു.
2016ൽ നൈക്കിയിലെ ജീവനക്കാരി നെയ്മർക്കെതിരെ ലൈംഗിക ആരോപണം ഉയർത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മർ ന്യൂയോർക്കിലെ ഹോട്ടലിൽ വെച്ച് ബലമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ. നെയ്മർ ബാഴ്സലോണക്കായി കളിക്കുന്ന സമയത്തായിരുന്നു ആരോപണം ഉയർന്നത്. രണ്ടുവർഷത്തിന് ശേഷം പരാതി ലഭിച്ചെങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് മറച്ചുവെക്കുകയായിരുന്നെന്ന് നൈക്കി പറഞ്ഞു.
സൂപ്പർ താരത്തിൻെറ 13ാം വയസിലാണ് കമ്പനിയുമായി കരാറിലെത്തിയത്. കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ശരീരത്തിലെ ടാറ്റുകളും വ്യത്യസ്ത ഹെയർസ്റ്റൈലുകളും കൂടി ആയതോെട നെയ്മർ പരസ്യവിപണിയിലും താരമായിരുന്നു. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളുടെ പട്ടികയിൽ ആറാമനാണ് നെയ്മർ. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ താരമായ നെയ്മർ നൈക്കിയുടെ മുഖ്യശത്രുവായ പ്യൂമയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.