നെയ്മറും സൗദിയിലേക്ക്?; അൽ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്

പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദി ​പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോർട്ട് ചെയ്തു. ‘അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നു’, റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 100 ദശലക്ഷം യൂറോയാണ് അൽ ഹിലാലിന്റെ വാഗ്ദാനമെന്നാണ് അറിയുന്നത്. 

2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാർത്ത ഗൾഫിലെ ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്. നെയ്മർ മുൻ തട്ടകമായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹം പരന്നിരുന്നു.

ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ്റതാരം ഉസ്മാനെ ഡെംബലെ കഴിഞ്ഞ ദിവസം പി.എസ്.ജിയുമായി കരാറിലെത്തിയിരുന്നു. അഞ്ചു വർഷത്തെ കരാറിലാണ് താരം ലീഗ് വൺ ചാമ്പ്യന്മാർക്കൊപ്പം ചേർന്നത്.  നേരത്തെ തന്നെ, താരത്തെ കൈമാറാൻ ബാഴ്‌സയും പി.എസ്.ജിയും തമ്മിൽ ധാരണയിലെത്തിയിരുന്നെങ്കിലും റിലീസ് ക്ലോസിൽ തട്ടി നീളുകയായിരുന്നു. 50.4 മില്യൺ യൂറോക്കാണ് (ഏകദേശം 458 കോടി രൂപ) താരത്തെ കൈമാറാൻ പി.എസ്.ജിയുമായി ധാരണയിലെത്തിയത്. 

Tags:    
News Summary - Neymar to Saudi?; It is reported that an agreement has been reached with Al Hilal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.