റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഹിലാലിന്റെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് അടുത്ത സീസണിന്റെ തുടക്കത്തിലും ടീമിനായി കളിക്കാനാവില്ല. ക്ലബ് പരിശീലകൻ ജോർജ് ജീസസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റിലാണ് ലീഗ് ആരംഭിക്കുക. കാൽമുട്ടിലെ പരിക്ക് കാരണം കഴിഞ്ഞ ഒക്ടോബറിന് ശേഷം നെയ്മറിന് കളത്തിലിറങ്ങാനായിട്ടില്ല. നവംബറിൽ ശസ്ത്രക്രിയക്ക് വിധേയനായ താരം ഇപ്പോൾ വിശ്രമത്തിലാണ്.
അതേസമയം, താരത്തിന്റെ അഭാവത്തിലും അൽ നസ്റിനെ പിന്തള്ളി ടീം സൗദി ലീഗിൽ 19ാം തവണയും ജേതാക്കളായിരുന്നു. ലീഗിൽ അൽ ഹിലാലിന് രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിൽനിന്നും 32കാരൻ പുറത്തായിരുന്നു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും കിലിയൻ എംബാപ്പെക്കുമൊപ്പം പാരിസ് സെന്റ് ജെർമെയ്നിൽ (പി.എസ്.ജി) ആയിരുന്ന നെയ്മർ 2023ലാണ് അൽ ഹിലാലിലെത്തുന്നത്. 100 ദശലക്ഷം യൂറോയാണ് ഒരു സീസണിൽ സൗദിയിൽനിന്ന് നെയ്മറിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.