ദോഹ: ഏഷ്യൻ കപ്പ് പ്രീക്വാർട്ടറിൽ ജോർഡൻ-ഇറാഖ് മത്സരത്തിൽ ഇറാഖ് താരമായ അയ്മൻ ഹുസൈനെതിരായ റഫറിയുടെ റെഡ് കാർഡ് തീരുമാനം ശരിവെച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ.
ജനുവരി 29ന് നടന്ന മത്സരത്തിൽ ഇറാഖ് ലീഡ് നേടിയിരിക്കെ സ്ട്രൈക്കർ അയ്മന്റെ പുറത്താകൽ വലിയ വിവാദമായ സാഹചര്യത്തിലാണ് എ.എഫ്.സി വിശദീകരണവുമായെത്തിയത്. കളിയുടെ 75ാം മിനിറ്റിൽ അയ്മൻ നേടിയ ഗോളിൽ ഇറാഖ് 2-1ന് മുന്നിലായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പോലെ ആഘോഷം തുടർന്നപ്പോഴാണ് മത്സരം നിയന്ത്രിച്ച ഇറാൻ-ആസ്ട്രേലിയൻ റഫറി അലി റിസ ഫഗാനി രണ്ടാം മഞ്ഞ കാർഡും ചുവപ്പും ഉയർത്തി താരത്തിന് മാർച്ചിങ് ഓർഡർ നൽകിയത്. അപ്രതീക്ഷിതമായ തിരിച്ചടിയിൽ ഞെട്ടിയ ഇറാഖ്, ഇഞ്ചുറി ടൈമിലെ രണ്ട് ഗോളിൽ (2-3) തോൽവി വഴങ്ങി പുറത്തായി.
ജോർഡൻ താരങ്ങളുടെ ഗോളാഘോഷത്തിന്റെ അതേ മാതൃകയിൽ പിന്തുടർന്ന അയ്മനെതിരെ ചുവപ്പുകാർഡ് വീശിയ നടപടി റഫറിയുടെ ഇരട്ട നീതിയായി മാധ്യമങ്ങളും ആരാധകരും വിമർശനമുന്നയിച്ചു. ഇതോടെയാണ് എ.എഫ്.സി റഫറിയുടെ തീരുമാനത്തിൽ വിശദീകരണം നൽകിയത്. കളിയുടെ ആദ്യ പകുതിയിൽ ഒരു മഞ്ഞ കാർഡ് കണ്ട അയ്മൻ, 75ാം മിനിറ്റിൽ ഗോൾ നേടിയതിനു പിന്നാലെ മിനിറ്റുകളോളം ആഘോഷം തുടർന്ന് മത്സരം വൈകിപ്പിച്ചതിനാണ് രണ്ടാം മഞ്ഞ കാർഡും ചുവപ്പും ലഭിച്ചതെന്നും ഐഫാബ് ചട്ടപ്രകാരമാണ് റഫറിയുടെ തീരുമാനമെന്നും എ.എഫ്.സി വ്യക്തമാക്കി. രണ്ടു മിനിറ്റോളം നീണ്ട ആഘോഷം അവസാനിപ്പിച്ച് കളിയിലേക്ക് തിരിച്ചെത്താൻ റഫറി മുന്നറിയിപ്പു നൽകിയിട്ടും താരം ആഘോഷം തുടർന്നതാണ് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.