പ്രിമിയർ ലീഗിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള മോഹങ്ങൾ എവിടെയുമെത്താതെ നീലക്കുപ്പായക്കാർ. പോയിന്റ് നിലയിൽ ഏറെ പിറകിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. റഹീം സ്റ്റെർലിങ് ചെൽസിയെ മുന്നിലെത്തിച്ച കളിയിൽ സെർജി ഓറിയറാണ് എതിരാളികൾക്ക് വിലപ്പെട്ട സമനില നൽകിയത്.
ആറുകളികളിൽ ആദ്യജയവുമായി ബേൺമൗത്തിനെ കഴിഞ്ഞ ദിവസം കെട്ടുകെട്ടിച്ച ആവേശവുമായി ഇറങ്ങിയ ചെൽസി തന്നെയായിരുന്നു തുടക്കം കളം നിറഞ്ഞത്. അർഹിക്കുന്ന ഗോൾ കുറിച്ച് സ്റ്റെർലിങ് ലീഡ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ സമനില നൽകിയെന്നു തോന്നിച്ച ഷോട്ട് മോർഗൻ ഗിബ്സ് വൈറ്റ് പോസ്റ്റിലടിച്ചത് ചെൽസിക്ക് ആശ്വാസമായി. എന്നാൽ, കരുത്തോടെ ആക്രമണം തകൃതിയാക്കിയ എതിരാളികൾ 63ാം മിനിറ്റിൽ ഒപ്പമെത്തി. ചെൽസി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഓറിയർ പന്ത് വല തുളക്കുകയായിരുന്നു.
ആതിഥേയരായ നോട്ടിങ്ഹാം 14 പോയിന്റുമായി 18ാം സ്ഥാനത്ത് ഇപ്പോഴും തരംതാഴ്ത്തൽ ഭീഷണിയിലാണ്. വെസ്റ്റ് ഹാമാണ് തൊട്ടുമുകളിൽ. എട്ടാമതുള്ള ചെൽസിക്ക് നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡുമായി ഏഴു പോയിന്റാണ് അകലം. ആദ്യ ഇടങ്ങളുറപ്പിക്കാൻ കടുത്ത പോരാട്ടം നടക്കുന്ന ലീഗിൽ മുൻനിര ടീമായ ടോട്ടൻഹാം ഞായറാഴ്ച ആസ്റ്റൺ വില്ലയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.