വാസ്കോ: ഒന്നിനു പിന്നാലെ ഒന്നായി ഗോളുകൾ പിറന്ന അങ്കത്തിനൊടുവിൽ ഒഡിഷക്ക് അവസാന കളിയിൽ ചരിത്ര ജയം. ഐ.എസ്.എൽ റെക്കോഡ് പുസ്തകത്തിൽ ഏറ്റവുംകൂടുതൽ ഗോളുകൾ പിറന്ന മത്സരമെന്ന ഖ്യാതിയുമായി ഒഡിഷ സീസൺ പോരാട്ടം അവസാനിപ്പിച്ചു.ഈസ്റ്റ് ബംഗാളിനെതിരെ 6-5നായിരുന്നു ജയം. ഇരു ടീമും കൂടി വാശിയോടെ അടിച്ചുകൂട്ടിയത് 11ഗോളുകളാണ്.
കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിന് ഒടുവിൽ ഈസ്റ്റ് ബംഗാൾ പരാജയം സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഈസ്റ്റ് ബംഗാളായിരുന്നെങ്കിലും ഒഡിഷ പതിയെ തിരിച്ചടിച്ച് തുടങ്ങി. പന്ത് കൈവശം വെക്കുന്നതിൽ മുന്നിട്ടുനിന്നെങ്കിലും ഒഡീഷയുടെ ആക്രമണങ്ങൾ തടുത്തുനിർത്താൻ ഈസ്റ്റ് ബംഗാളിനായില്ല. 65, 67,69 മിനുറ്റുകളിൽ തുടരെ കുറിച്ച ഗോളുകളാണ് ഒഡിഷക്ക് വിജയം നൽകിയത്. 36ാം മിനുറ്റിൽ പിറന്ന രവികുമാറിന്‍റെ സെൽഫ് ഗോളും ഈസ്റ്റ് ബംഗാളിന് വിനയായി. മൂന്നിനെതിരെ ആറുഗോളുകൾക്ക് പിന്നിലായെങ്കിലും വീരോചിതം പൊരുതിയ ഈസ്റ്റ് ബംഗാൾ അഞ്ചുഗോളുകൾ മറുപടിയായി നൽകിയാണ് മത്സരം അവസാനിപ്പിച്ചത്.
ഒമ്പത് ഗോൾ പിറന്ന 2016ലെ ചെന്നൈയിൻ -ഗോവ മത്സരത്തിെൻറ റെക്കോഡാണ് ഇവർ തിരുത്തിയത്. ഒഡിഷയുടെ ജെറി മാവിങ്താന, പോൾ റാംഫൻ എന്നിവർ ഇരട്ട ഗോൾ വീതം നേടി. ഈസ്റ്റ് ബംഗാളിനായി ആരോൺ അമാദി രണ്ട് ഗോൾ കുറിച്ചു. ഈസ്റ്റ്ബംഗാൾ (17) ഒമ്പതും, ഒഡിഷ (12) 11ഉം സ്ഥാനത്തായാണ് സീസൺ അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.