ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്.സിക്കും ജാംഷഡ്പുർ എഫ്.സിക്കും ബുധനാഴ്ച അവസാന റൗണ്ട് മത്സരം. 19 കളിയിൽ 30 പോയന്റുമായി പ്ലേ ഓഫിന് അരികിലുള്ള ആതിഥേയർക്ക് ഇന്ന് തോൽക്കാതിരുന്നാൽ പ്ലേ ഓഫ് ഉറപ്പിക്കാം. ഒഡിഷ നിലവിൽ ആറാം സ്ഥാനത്താണ്. ജയിച്ചില്ലെങ്കിലും സമനിലയായാലും 31 പോയന്റുമായി ഇവർ മുന്നേറും. അത്രയും മത്സരങ്ങളിൽ 27 പോയന്റുള്ള എഫ്.സി ഗോവയാണ് ഏഴാമത്. ഗോവക്ക് വ്യാഴാഴ്ച ബംഗളൂരു എഫ്.സിയുമായി മത്സരമുണ്ട്. ഒഡിഷ ഇന്ന് ജാംഷഡ്പുരിനോട് തോൽക്കുന്നപക്ഷം നാളെ ബംഗളൂരുവിനെ പരാജയപ്പെടുത്തിയാൽ 30 പോയന്റുമായി ഗോവ ആറാം സ്ഥാനത്തേക്കും പ്ലേ ഓഫിലേക്കും കയറും.
നിലവിൽ മുംബൈ എഫ്.സി, ഹൈദരാബാദ് എഫ്.സി ടീമുകൾ ആദ്യ രണ്ടു സ്ഥാനക്കാരായി നേരിട്ട് സെമി ഫൈനലിൽ കടന്നിട്ടുണ്ട്. എ.ടി.കെ മോഹൻബഗാൻ, ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ പ്ലേ ഓഫിലുമെത്തി.
മൂന്നും നാലും സ്ഥാനക്കാരായി ഫിനിഷ് ചെയ്യുന്ന ടീമുകളുടെ ഹോം ഗ്രൗണ്ടിൽ മാർച്ച് മൂന്നിനും നാലിനുമാണ് പ്ലേ ഓഫ് മത്സരങ്ങൾ. ഇതിൽ ജയിക്കുന്നവർ സെമിയിൽ പ്രവേശിക്കും. ഏഴിന് മുംബൈയിൽ ആദ്യ സെമിയും ഒമ്പതിന് ഹൈദരാബാദിൽ രണ്ടാം സെമിയും അതത് ആതിഥേയർക്കെതിരെ നടക്കും. 18ന് ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.