ഒളിമ്പിക്സ് പുരുഷ ഫുട്ബാളിൽ അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ ഇനിയുള്ളത് മരണക്കളികൾ. ഗ്രൂപ്പിൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് ആരെല്ലാം യോഗ്യത നേടുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആദ്യത്തെ രണ്ട് കളികൾ പൂർത്തിയാകുമ്പോൾ എല്ലാ ടീമുകൾക്കും തുല്യ പോയിന്റുകളാണ് ഉള്ളത്. ഗ്രൂപ്പിലെ അർജന്റീന, മൊറോക്കോ, യുക്രെയ്ൻ, ഇറാഖ് ടീമുകൾക്ക് നിലവിൽ മൂന്ന് പോയിന്റ് ഉണ്ട്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും തങ്ങളുടെ യോഗ്യത ഉറപ്പാക്കില്ലെന്ന് ടീമുകൾക്ക് നന്നായിട്ടറിയാം. അവസാന മത്സരം ജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറാനാവും ടീമുകൾ ശ്രമിക്കുക. അവസാന മത്സരത്തിൽ സമനില വന്നാൽ യോഗ്യതക്കായി കണക്കിലെ കളികളെ കൂടി ടീമുകൾക്ക് ആശ്രയിക്കേണ്ടി വരും.
ഗ്രൂപ്പിലെ അടുത്ത രണ്ട് മത്സരങ്ങളിൽ അർജന്റീന യുക്രെയ്നേയും മൊറോക്കോ ഇറാഖിനേയുമാണ് നേരിടുന്നത്. ആദ്യ രണ്ട് കളികളിൽ അർജന്റീന ആദ്യ മത്സരത്തിൽ മൊറോക്കോയോട് തോറ്റെങ്കിൽ ഇറാഖുമായുള്ള കളിയിൽ നിർണായക ജയം നേടിയിരുന്നു. മൊറോക്കോ അർജന്റീനയെ തോൽപ്പിച്ചെങ്കിലും യുക്രെയ്നോട് തോൽവി വഴങ്ങി. ഇറാഖ് അർജന്റീനയോട് തോറ്റെങ്കിലും യുക്രെയ്നെ തോൽപ്പിച്ചു.
നിലവിൽ ഗോൾ ശരാശരിയിൽ മുന്നിൽ അർജന്റീനയാണ്. ടീം നാല് ഗോളുകൾ അടിച്ചപ്പോൾ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. മൊറോക്കോ മൂന്ന് ഗോളുകൾ അടിച്ചപ്പോൾ മൂന്നെണ്ണം വഴങ്ങി. യുക്രെയ്നിന്റെ കണക്കും സമാനമാണ്. എന്നാൽ ഇറാഖ് മൂന്ന് ഗോളുകൾ അടിച്ചപ്പോൾ നാലെണ്ണം വഴങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ഇറാഖിന്റെ യോഗ്യത ഉറപ്പാക്കില്ല. സമനില നേടിയാലും ഗോൾ ശരാശരിയുടെ കരുത്തിൽ അർജന്റീനക്ക് മുന്നേറാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.